യുവാക്കളെ ആകര്‍ഷിക്കാന്‍ ഡൊമിനാര്‍ 400 ഇന്ത്യയിലെത്തി

ബി എസ് ആറ് നിലവാരമുള്ള എന്‍ജിനോടെ ബജാജ് ഓട്ടോ ലിമിറ്റഡിന്റെ ഡൊമിനര്‍ 400 വില്‍പനയ്ക്കെത്തി. 2020 ഡൊമിനല്‍ 400 ബൈക്കിന് 1.91 ലക്ഷം രൂപയാണ് രാജ്യത്തെ ഷോറൂമുകളില്‍ വില. മലിനീകരണ നിയന്ത്രണത്തില്‍ ബി എസ് ആറ് നിലവാര കൈവരിക്കാനായി 373.3 സീ സി, ലിക്വിഡ് കൂള്‍ഡ്, ഫ്യുവല്‍ ഇഞ്ചക്റ്റഡ്, ഡി ഒ എച്ച് സി, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണു ബൈക്കില്‍ ലഭ്യമാക്കിയിരിക്കുന്നത്. 8,800 ആര്‍ പി എമ്മില്‍ 40 പി എസ് വരെ കരുത്തും 7,000 ആര്‍ പി എമ്മില്‍ 35 എന്‍ എമ്മോളം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുക.

അസിസ്റ്റ് സ്ലിപ്പര്‍ ക്ലച് സഹിതം ആറു സ്പീഡ് ഗീയര്‍ബോക്സാണു ബൈക്കിന്റെ ട്രാന്‍സ്മിഷന്‍. മുന്‍ മോഡലിലെ സൗകര്യങ്ങളും സംവിധാനങ്ങളുമൊക്കെ 2020 ഡൊമിനറില്‍ ബജാജ് നിലനിര്‍ത്തിയിട്ടുണ്ട്. എല്‍ ഇ ഡി ഹെഡ്ലാംപും ടെയില്‍ ലാംപും, രണ്ടായി വിഭജിച്ച ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, 13 ലീറ്റര്‍ സംഭരണ ശേഷിയുള്ള ഇന്ധനടാങ്ക്, അലോയ് വീല്‍, ഇരട്ട ബാരല്‍ എക്സോസ്റ്റ്, മുന്‍ സസ്പെന്‍ഷനായി 43 എം എം അപ്സൈഡ് ഡൗണ്‍(യു എസ് ഡി) ഫോര്‍ക്ക്, പിന്നില്‍ മള്‍ട്ടി സ്റ്റെപ് അഡ്ജസ്റ്റബ്ള്‍ മോണോ ഷോക് സസ്പെന്‍ഷന്‍, ടാങ്കില്‍ ത്രിമാന ഗ്രാഫിക്സ് എന്നിവയൊക്കെ ബൈക്കിലുണ്ട്.

ഇരട്ട ചാനല്‍ ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനം(എ ബി എസ്) സഹിതം മുന്നില്‍ 320 എം എം ഡിസ്‌കും പിന്നില്‍ 230 എം എം ഡിസ്‌കുമാണു ബൈക്കിന്റെ ബ്രേക്ക്. വിപണിയോടു വിട പറഞ്ഞ ബി എസ് നാല് ഡൊമിനര്‍ 400 ബൈക്കും പുതുതായി വില്‍പനയ്ക്കെത്തിയ ബൈക്കുമായി കാഴ്ചയിലും വ്യത്യാസമൊന്നുമില്ല. രൂപകല്‍പനയിലും എന്‍ജിന്‍ പ്രകടനക്ഷമതയിലുമൊന്നും മാറ്റമില്ല. അതേസമയം ബൈക്കിന്റെ വിലയില്‍ മുന്‍ മോഡലിനെ അപേക്ഷിച്ച് 1,749 രൂപയുടെ വര്‍ധന നടപ്പായിട്ടുണ്ട്.

Top