കോടികളുടെ വാഗ്ദാനം; യെദ്യൂരപ്പക്കെതിരെ അന്വേഷണത്തിന് ഒരുങ്ങി നിയമസഭാ സ്പീക്കര്‍

ബംഗളുരു: ബി.എസ്.യെദ്യൂരപ്പയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് നിയമസഭാ സ്പീക്കര്‍. കര്‍ണാടക ബിജെപി അധ്യക്ഷന്‍ യെദ്യൂരപ്പയ്‌ക്കെതിരേ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ നിയമസഭാ സ്പീക്കര്‍ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

ജെഡിഎസ് എംഎല്‍എ കൂറുമാറുന്നതിന് 25 കോടി രൂപ വാഗ്ദാനം ചെയ്യുന്ന ശബ്ദരേഖ തന്റേതാണെന്ന് യെദ്യൂരപ്പ തുറന്ന് സമ്മതിച്ചിരുന്നു. ശബ്ദം തന്റേതല്ലെന്നും 24 മണിക്കൂറിനകം തെളിയിക്കാനായാല്‍ രാഷ്ട്രീയം വിടാമെന്നും വെല്ലുവിളിച്ച യെദ്യൂരപ്പ, സ്പീക്കറും സര്‍ക്കാരും അന്വേഷണം പ്രഖ്യാപിക്കുമെന്ന് ഉറപ്പായതോടെ നിലപാട് മാറ്റുകയായിരുന്നു.

ജനതാദള്‍ (എസ്) എംഎല്‍എ നാഗനഗൗഡയുടെ മകനുമായി കൂടിക്കാഴ്ച നടത്തിയെന്നും നാഗനഗൗഡയെ കൂറുമാറ്റി ബിജെപിയില്‍ ചേര്‍ക്കുന്നതിന്റെ സാധ്യതയെ കുറിച്ച് സംസാരിച്ചുവെന്നും യെദ്യൂരപ്പ സമ്മതിച്ചു. തന്നെ കുടുക്കാന്‍ കുമാരസ്വാമി ശരണഗൗഡയെ അയയ്ക്കുകയായിരുന്നു എന്നാണ് നിലവില്‍ യെദ്യൂരപ്പ സ്വീകരിച്ചിരിക്കുന്ന നിലപാട്.

കര്‍ണാടക ബജറ്റ് അവതരിപ്പിക്കുന്നതിനു തൊട്ടുമുമ്പാണ് മുഖ്യമന്ത്രി കുമാരസ്വാമി യെദ്യൂരപ്പയുടെ രണ്ടു ശബ്ദരേഖകള്‍ പുറത്തുവിട്ടത്. സ്പീക്കര്‍ രമേഷ് കുമാറിനെ 50 കോടി രൂപ നല്‍കി വശത്താക്കിയിട്ടുണ്ടെന്നും സുപ്രീംകോടതിയിലെ കാര്യങ്ങള്‍ പ്രധാനമന്ത്രിയും അമിത് ഷായും നോക്കിക്കൊള്ളുമെന്നും യെദ്യൂരപ്പ പറയുന്നതായി ഓഡിയോയിലുണ്ട്.

Top