brussels terarist attack one indian man is missing

ദില്ലി: ബ്രസല്‍സിലെ തീവ്രവാദ ആക്രമണത്തില്‍ ഇന്‍ഫോസിസ് ജീവനക്കാരനായ ഇന്ത്യക്കാരനെ കാണാതായി. ബെല്‍ജിയന്‍ നഗരത്തിലെ ഇന്‍ഫോസിസ് കമ്പനിയില്‍ ജോലി ചെയ്യുന്ന രാഘവേന്ദ്ര ഗണേശനെയാണ് കാണാതായത്.

ഗണേശനെ കാണാതായ സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു.ഗണേശന്റെ അമ്മ അന്നപൂര്‍ണി ഗണേശനുമായി സംസാരിച്ചുവെന്നും സുഷമ ട്വിറ്ററില്‍ കുറിച്ചു. മകന്‍ എവിടെയെന്ന് കണ്ടെത്താന്‍ സര്‍ക്കാരിന്റെ സഹായം ഉണ്ടാകുമെന്നും അവര്‍ അറിയച്ചു

സ്‌ഫോടനം ഉണ്ടാകുന്നതിനു തൊട്ട് മുമ്പ് അമ്മയുമായി ഗണേശന്‍ സംസാരിച്ചിരുന്നു. എല്ലാ രീതിയിലും ഗണേശനെ കണ്ടെത്താന്‍ തങ്ങള്‍ ശ്രമിക്കുന്നുണ്ടെന്ന് ബെല്‍ജിയത്തിലെ ഇന്ത്യന്‍ അംബാസഡര്‍ മഞ്ജീവ് പുരി പറഞ്ഞു. സുഹൃത്തുക്കളും പരിചയമുള്ളവരും ഗണേശനെ കണ്ടെത്താനായുള്ള ശ്രമത്തിലാണെന്നും മഞ്ജീവ് പറഞ്ഞു.

നാല് വര്‍ഷമായി ഗണേശന്‍ ബ്രസല്‍സില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഒരു പ്രൊജക്ട് സംബന്ധിച്ചുള്ള ജോലിയാണിത്. ഭാര്യ പ്രസവിച്ച സമയത്ത് കഴിഞ്ഞ മാസമാണ് ഗണേശന്‍ അവസാനമായി ഇന്ത്യയിലെത്തിയത്.

അതേസമയം, വിമാനത്താവളത്തില്‍ ആക്രമണം നടത്തിയ തീവ്രവാദിയെന്ന് സംശയിക്കുന്ന ഒരാളെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടി. ആക്രമണത്തിന് ശേഷം രക്ഷപ്പെട്ട ഇയാളുടെ വിരലടയാളം പിന്തുടര്‍ന്നാണ് ബെല്‍ജിയം പൊലീസ് പിടികൂടിയത്. വിമാനത്താവളത്തില്‍ സ്‌ഫോടനം നടത്താനെത്തിയ ചാവേര്‍ സംഘത്തില്‍ നിന്ന് ഇയാള്‍ മാത്രമാണ് രക്ഷപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചാവേര്‍ സംഘത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ള ബക്രൂയി സഹോദരന്‍മാരാണ് ചാവേര്‍ ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. ഇവര്‍ മുന്‍പു ചില കേസുകളില്‍ പ്രതികളായിട്ടുണ്ടെങ്കിലും തീവ്രവാദബന്ധം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പൊലീസ് പറയുന്നു.

Top