brussels boom blast-indian man in metro station

ന്യൂഡല്‍ഹി: ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ ചൊവ്വാഴ്ചയുണ്ടായ ഭീകരാക്രമണത്തിന് ശേഷം കാണാതായ ഇന്‍ഫോസിസ് ജീവനക്കാരന്‍ മെട്രോയില്‍ യാത്ര ചെയ്തിരുന്നു എന്ന് സ്ഥിരീകരണം. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജാണ് രാഘവേന്ദ്ര ഗണേഷ് എന്ന ബംഗളൂരു സ്വദേശി മെട്രോയില്‍ യാത്ര ചെയ്തിരുന്നു എന്ന് ട്വീറ്റ് ചെയ്തത്. ‘രാഘവേന്ദ്ര ഗണേശിന്റെ അവസാനത്തെ ഫോണ്‍ കോള്‍ ട്രാക്ക് ചെയ്തു. അദ്ദേഹം മെട്രോ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു’ എന്നാണ് സുഷമയുടെ ട്വീറ്റ്.

സ്‌ഫോടനത്തിന് ശേഷം ഗണേഷിനെ പറ്റി വിവരമില്ലെന്ന് അമ്മ അന്നപൂര്‍ണി ഗണേശ് വിദേശകാര്യമന്ത്രാലയത്തില്‍ പരാതി നല്‍കിയിരുന്നു. നാല് വര്‍ഷമായി രാഘവേന്ദ്ര ഗണേശ് ഇന്‍ഫോസിസില്‍ ജോലി ചെയ്യുകയാണ്.

ചൊവ്വാഴ്ച ഇന്ത്യന്‍ സമയം ഉച്ചക്ക് 12.30 മുതല്‍ 1.30 വരെ ഗണേശുമായി സംസാരിച്ചിരുന്നു. ജോലി കഴിഞ്ഞ് മടങ്ങാന്‍ ഒരുങ്ങുന്നു എന്നാണ് അറിയിച്ചത്. എന്നാല്‍ സ്‌ഫോടനം നടന്നതിന് ശേഷം ഗണേഷുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും അമ്മ പരാതിയില്‍ പറയുന്നു.

ചൊവ്വാഴ്ച ബ്രസല്‍സിലെ വിമാനത്താവളത്തിലടക്കമുണ്ടായ സ്‌ഫോടനങ്ങളില്‍ 31 പേരാണ് കൊല്ലപ്പെട്ടത്. 300 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 61 പേരുടെ നില ഗുരുതരമാണ്. നാല് പേര്‍ അബോധാവസ്ഥയില്‍ തുടരുകയാണ്. മരിച്ചവരും പരിക്കേറ്റവരും 40 രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്ന് ബെല്‍ജിയം ആരോഗ്യ മന്ത്രി മാഗി ഡി ബ്ലോക് പറഞ്ഞു.

Top