Brussels attack- islamic state

ബ്രസ്സല്‍സ്: ബ്രസ്സല്‍സില്‍ ആക്രമണം നടത്തിയ ഐ.എസ് ഭീകരര്‍ ബെല്‍ജിയത്തിലെ ആണവകേന്ദ്രവും ലക്ഷ്യമിട്ടിരുന്നതിന് കൂടുതല്‍ തെളിവ്. ഇവിടത്തെ ഒരു സുരക്ഷാ ഉദ്യോഗസ്ഥനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.

ഇയാളുടെ തിരിച്ചറിയല്‍കാര്‍ഡ് കാണാതായതായും അധികൃതര്‍ അത് മരവിപ്പിച്ചെന്നും ബെല്‍ജിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗികസ്ഥിരീകരണം വന്നിട്ടില്ല. രഹസ്യവൃത്തങ്ങളുടെ മുന്നറിയിപ്പിനെത്തുടര്‍ന്ന് ആണവകേന്ദ്രങ്ങളുടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

വ്യാഴാഴ്ച ഷാര്‍ലെ നഗരത്തില്‍ സായാഹ്നസവാരിക്കിടെയാണ് ആണവകേന്ദ്രത്തിലെ സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതെന്നാണ് സൂചന. ശനിയാഴ്ചയാണ് സംഭവം പുറത്തുവന്നത്.

തിരിച്ചറിയല്‍കാര്‍ഡും പാസും കൈക്കലാക്കാനാവാം കൊല നടത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. പാരിസിലെപ്പോലെ ബ്രസ്സല്‍സിലും ഭീകരര്‍ ആണവകേന്ദ്രം ലക്ഷ്യമിട്ടിരുന്നതായും അണുബോംബുണ്ടാക്കി കൂടുതല്‍ നാശംവിതയ്ക്കാനായിരുന്നു പദ്ധതിയെന്നും പറയുന്നു.

ഭീകരര്‍ ആണവകേന്ദ്രം ലക്ഷ്യമിട്ടിരുന്നതായി നേരത്തേതന്നെ പോലീസിന് വിവരം ലഭിച്ചിരുന്നു. ആണവകേന്ദ്രത്തിന്റെ ദൃശ്യങ്ങളടങ്ങിയ 10 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വീഡിയോ ഭീകരര്‍ പകര്‍ത്തിയിരുന്നത് കണ്ടെത്തിയതിനെത്തുടര്‍ന്നാണിത്. ആണവകേന്ദ്രം ഡയറക്ടറെ തട്ടിക്കൊണ്ടുപോകാനും ഭീകരര്‍ പദ്ധതിയിട്ടിരുന്നു.

നവംബറില്‍ പാരിസിലുണ്ടായ ഭീകരാക്രമണത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലും ബെല്‍ജിയത്തിലെ ആണവ കേന്ദ്രത്തിന്റെ ദൃശ്യങ്ങള്‍ കണ്ടെടുത്തിരുന്നു. ഇവ വിമാനത്താവളത്തിലും മെട്രോസ്റ്റേഷനിലും സ്‌ഫോടനം നടത്തിയ ചാവേറുകള്‍ക്ക് ലഭിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

അതിനിടെ ഭീകരാക്രമണം അന്വേഷിക്കുന്ന ബെല്‍ജിയം പോലീസ് മൂന്നുപേരെക്കൂടി അറസ്റ്റുചെയ്തു. ഇതോടെ കേസില്‍ അറസ്റ്റിലായവര്‍ ഒമ്പതായി. ഇതില്‍ മൂന്നുപേരെ ചോദ്യം ചെയ്തശേഷം വിട്ടയച്ചു.

വ്യാഴാഴ്ച ഷെര്‍ബിക്കില്‍ നടന്ന പരിശോധനയിലാണ് മൂന്നുപേരെ അറസ്റ്റുചെയ്തത്. റെയ്ഡ് സംബന്ധിച്ച കൂടതല്‍ വിശദാംശങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

അക്രമിയെന്ന് സംശയിക്കുന്ന ആളാണ് വെള്ളിയാഴ്ച അറസ്റ്റിലായത്. പോലീസിന്റെ നിര്‍ദേശം അവഗണിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ കാലില്‍ വെടിവെച്ചാണ് പിടികൂടിയത്. ഇയാളുടെ സ്യൂട്ട്‌കെയ്‌സില്‍നിന്ന് സ്‌ഫോടകവസ്തുക്കളും കണ്ടെടുത്തു. പോലീസ് പരിശോധനയ്ക്കിടെ രണ്ട് സ്‌ഫോടനങ്ങളുമുണ്ടായി.

Top