Brussels – attack – cctv – police

ബ്രസല്‍സ്: ബെല്‍ജിയത്തിലെ ബ്രസല്‍സില്‍ ആക്രമണത്തിനെത്തിയശേഷം രക്ഷപെട്ട ഭീകരന്റെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു. വിമാനത്താവളത്തില്‍ സ്‌ഫോടനം നടത്തിയ രണ്ട് ചാവേറുകള്‍ക്കൊപ്പമെത്തിയ ഭീകരനാണ് ആക്രമണത്തിനുശേഷം രക്ഷപെട്ടത്.

ബ്രസല്‍സ് വിമാനത്താവളത്തില്‍ ചാവേറുകള്‍ക്കൊപ്പമെത്തിയ മൂന്നാമനെക്കുറിച്ചുള്ള അന്വേഷണം നീളുന്നതിനിടെയാണ് പുതിയ കണ്ടെത്തല്‍. സ്‌ഫോടനശേഷം നിരത്തിലൂടെ നടന്നുനീങ്ങുന്ന ഇയാളുടെ സഞ്ചാരപഥവും വ്യക്തമാണ്. വിമാനത്താവള ദൃശ്യങ്ങളില്‍ കണ്ട ലഗേജ് ഉപേക്ഷിച്ചാണ് ഇയാള്‍ നിരത്തിലേക്കിറങ്ങിയത്.

തൊപ്പിയും ജാക്കറ്റും ധരിച്ച് നടന്നുപോകുന്ന ഇയാള്‍ ഒരുഘട്ടത്തില്‍ ജാക്കറ്റ് ഉപേക്ഷിച്ചതും വ്യക്തമാണ്. യൂറോപ്യന്‍ യൂണിയന്റെ ബ്രസല്‍സിലെ സ്ഥാപനങ്ങളിലൊന്നില്‍ സ്‌ഫോടനം നടത്തുകയായിരുന്നു ലക്ഷ്യം.

എന്നാല്‍ ദൗത്യം നടക്കാതെ പോയതിന്റെ കാരണമോ സൂചനകളോ വ്യക്തമല്ല. സിസിടിവി ദൃശ്യങ്ങള്‍ യോജിപ്പിച്ച് അക്രമിയെക്കുറിച്ചുള്ള ചിത്രത്തിന് വ്യക്തതവരുത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

ഇതിനിടെ പാരീസ് ആക്രമണത്തിന്റെ സൂത്രധാരന്‍ അബ്ദുസലേമിനെ ഫ്രാന്‍സിന് ഉടന്‍ വിട്ടുനല്‍കില്ലെന്ന് ബെല്‍ജിയം വ്യക്തമാക്കി. ബ്രസല്‍സ് സ്‌ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ഇയാളെ കസ്റ്റഡിയില്‍ വേണമെന്നാണ് അന്വേണ സംഘത്തിന്റെ നിലപാട്.

Top