Brussels Airport Bomber Worked There For 5 Years: Report

ബ്രസല്‍സ്: ബ്രസല്‍സ് വിമാനത്താവളത്തില്‍ കഴിഞ്ഞ മാസം ആക്രമണം നടത്തിയ ചാവേറുകളില്‍ ഒരാള്‍ 2012 വരെ, അഞ്ചു വര്‍ഷം അതേ വിമാനത്താവളത്തില്‍ ജോലിചെയ്തിരുന്നു എന്ന് ഒരു ബല്‍ജിയം ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ വിമാനത്താവളത്തില്‍ ഒരു രഹസ്യ പ്രാര്‍ത്ഥനാ മുറി ആക്രമണത്തിനു ശേഷം കണ്ടെത്തിയിരുന്നുവെന്നും പൊലീസ് നിര്‍ദ്ദേശപ്രകാരം മുറി അധികൃതര്‍ അടച്ചെന്നും ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കുറച്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് നാജിം ലച്ച്‌റാഓയ് എന്ന ചാവേര്‍ യൂറോപിയന്‍ പാര്‍ലമെന്റില്‍ ക്ലീനറായി ജോലി ചെയ്തിരുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. 32 പേരുടെ മരണത്തിനിടയാക്കിയ ബ്രസല്‍സ് ആക്രമണത്തില്‍ ചാവേറുകളായ രണ്ടു പേരില്‍ ഒരാളാണ് നാജിം. മാര്‍ച്ച് 22ന് ബ്രസല്‍സ് വിമാനത്താവളത്തിലും മെട്രോ സ്‌റ്റേഷനിലുമാണ് ചാവേറുകള്‍ ആക്രമണം നടത്തിയത്.

ഒരു ഏജന്‍സി നടത്തിയ റിക്രൂട്ട്‌മെന്റ് വഴി എത്തിയ നാജിം 2012 വരെ അഞ്ചുവര്‍ഷത്തോളം ബ്രസല്‍സ് വിമാനത്താവളത്തില്‍ ജോലിചെയ്തിരുന്നതായാണ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്തത്. അവിടെ എന്ത് ജോലിയാണ് നാജിം ചെയ്തിരുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നില്ല. എന്നാല്‍ പ്രവേശന ബാഡ്ജുകള്‍ നല്‍കുന്നതിന് മുമ്പ് വിമാനത്താവളത്തിലെ ജീവനക്കാരെ സെക്യൂരിറ്റി പരിശോധനയ്ക്ക് വിധേയമാക്കാറുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ റിപ്പോര്‍ട്ടിന് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. ആക്രമണത്തിന് ഉപയോഗിച്ച ചാവേര്‍ ബല്‍റ്റുകള്‍ നിര്‍മ്മിച്ച ബ്രസല്‍സിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും നാജിമിന്റെ ഡി.എന്‍.എ കണ്ടെത്തിയിരുന്നു. 24കാരനായ നാജിം ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങ് വിദ്യാര്‍ത്ഥിയായിരുന്നു. ഇയാളാണ് 130 പേരുടെ മരണത്തിനിടയാക്കിയ പാരിസ് ആക്രമണത്തിന് ബോംബുകള്‍ നിര്‍മ്മിച്ചതെന്ന് സംശയിക്കുന്നുണ്ട്. രണ്ട് ആക്രമണങ്ങളുടെയും ഉത്തരവാദിത്തം ഐസിസ് ഏറ്റെടുത്തിരുന്നു.

ഇക്കഴിഞ്ഞ ഏപ്രില്‍ ആറിന് ചാവേറുകളില്‍ ഒരാള്‍ ബ്രസല്‍സ് ആസ്ഥാനത്ത് ജോലിചെയ്തിരുന്നുവെന്ന് യൂറോപ്പിയന്‍ പാര്‍ലമെന്റ് അറിയിച്ചിരുന്നു. അന്വേഷണവുമായ ബന്ധപ്പെട്ട വൃത്തങ്ങള്‍ അയാളുടെ പേര് ലച്ച്‌റാഓയ് എന്നാണ് അറിയിച്ചത്. 2013ലാണ് ഇയാള്‍ ഐസിസില്‍ ചേര്‍ന്നതെന്നും പാരീസ് ആക്രമണത്തിന് മുമ്പ് സെപ്റ്റംബറില്‍ അയാള്‍ തിരികെയെത്തിയതെന്നുമാണ് പ്രോസികൂട്ടര്‍മാര്‍ വിശ്വസിക്കുന്നത്. ഇയാളെ ഓസ്ട്രിയ ഹംഗറി അതിര്‍ത്തിയില്‍ വച്ച് പൊലീസ് തടഞ്ഞിരുന്നു. സൗഫിയേന്‍ കായല്‍ എന്ന് കള്ളപേരില്‍ പാരീസ് ആക്രമണത്തില്‍ പിടിക്കപ്പെട്ട സാലാഹ് അബ്ദുസലാമിനൊപ്പമാണ് ഇയാള്‍ സഞ്ചരിച്ചിരുന്നത്. ബ്രസല്‍സില്‍ നടത്തിയ വ്യാപകമായ തിരച്ചിലിന് ഒടുവില്‍ അബ്ദുള്‍സലാം പിടിലായിരുന്നു. അതിനു നാലു ദിവസത്തിനു ശേഷമാണ് ബ്രസല്‍സ് ആക്രമണം നടക്കുന്നത്.

Top