അഭയാര്‍ത്ഥികള്‍ കൊടും പട്ടിണിയിലേയ്ക്ക്; റേഷന്‍ പോലും പിന്‍വലിച്ച് സര്‍ക്കാര്‍

അഗര്‍ത്തല: തൃപുര അഭയാര്‍ത്ഥികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ വലിയ അലംഭാവം കാണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ആഭ്യന്തര മന്ത്രാലയം കളിഞ്ഞ ദിവസം ബ്രൂ അഭയാര്‍ത്ഥികള്‍ക്കായുള്ള റേഷന്‍ ആനുകൂല്യങ്ങള്‍ പിന്‍വലിച്ചു കൊണ്ടുള്ള ഉത്തരവിറക്കി.

ഒക്ടോബര്‍ ഒന്നുമുതല്‍ ഈ ഉത്തരവ് നിലവില്‍ വരുമെന്നായിരുന്നു അധികൃതര്‍ അറിയിച്ചത്. തൃപുരയില്‍ കഴിയുന്ന ബ്രൂ അഭയാര്‍ത്ഥികള്‍ മിസ്സോറാമിലേയ്ക്ക് തിരികെ പോയില്ലെങ്കില്‍ നിലവിലെ ക്യാംപുകളെല്ലാം ബലമായി അടപ്പിക്കുമെന്നാണ് എംഎച്ച്എ സെക്രട്ടറി റിന മിത്ര അറിയിച്ചത്. സെപ്തംബര്‍ അവസാനം വരെയായിരുന്നു ഇതിന് അനുവദിച്ചിരുന്ന സമയം.

എവിയെ പോകുമെന്ന കാര്യങ്ങളില്‍ തീരുമാനമായില്ലെന്ന് തൃപുരയിലെ അഭിയാര്‍ത്ഥി ക്യാംപ് അംഗങ്ങള്‍ പറഞ്ഞു. ഉത്തരവില്‍ ഇളവ് ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്, മനുഷ്യാവകാശ കമ്മീഷന്‍ തുടങ്ങിയവര്‍ക്ക് കത്തയക്കാനാണ് ഇവരുടെ തീരുമാനം.

40 കുടുംബങ്ങള്‍ ഉത്തരവ് വന്നതിന് പിന്നാലെ മിസ്സോറാമിലേയ്ക്ക് മടങ്ങിപ്പോയി. 32,000 ആളുകള്‍ ഇപ്പോഴും തൃപുരയില്‍ തന്നെ കഴിയുകയാണ്. തിരിച്ചു പോയാലും ജീവിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ ലഭിക്കുമെന്ന ഉറപ്പാണ് ഇവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്.

1997 മുതല്‍ തൃപുരയില്‍ എത്തിയവരാണ് ഈ ജനവിഭാഗം. ബ്രൂ നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് മിലിറ്റന്റ്‌സ് വനം സംരക്ഷകനായ ലാല്‍സാംലിയാനയെ വധിച്ചതിന് ശേഷം ഉണ്ടായ വര്‍ഗ്ഗീയ സംഘര്‍ഷത്തെ തുടര്‍ന്ന്‌ തൃപുരയില്‍ അഭയം പ്രാപിച്ചവരാണിവര്‍.

നിലവില്‍ വളരെ പരിതാപകരമാണ് ഇവിടുത്തെ അഭയാര്‍ത്ഥി ക്യാംപുകളുടെ അവസ്ഥ. ആദ്യഘട്ടങ്ങളില്‍ ഓരോ ആളിനും 600 ഗ്രാം വീതം ധാന്യം ദിവസേന വിതരണം ചെയ്യണമെന്നായിരുന്നു സര്‍ക്കാര്‍ പദ്ധതി. അതിനു പുറമെ സോപ്പ്, കൊതുകു വല പോലുള്ള സഹായങ്ങളും സര്‍ക്കാര്‍ നല്‍കി. കുറേ നാളത്തെ പരിശ്രമത്തിനൊടുവില്‍ 5000 ആളുകള്‍ മിസ്സോറാമിലേയ്ക്ക് എത്തിയെങ്കിലും അവിടെ അവര്‍ നേരിടേണ്ടി വന്ന പ്രശ്‌നങ്ങള്‍ മൂലം തിരികെ പോരേണ്ടി വന്നു.

എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം 1.5 ലക്ഷം രൂപ വീട് നിര്‍മ്മാണത്തിന് നല്‍കാനുള്ള പദ്ധതി സംസ്ഥാന സര്‍ക്കാരുകളുമായി ചേര്‍ന്ന് നടത്തിയിരുന്നു. അതിനു ശേഷം നടപടികളൊന്നു ഉണ്ടായിട്ടില്ല.

Top