‘ബ്രോ ബോണ്ടിങ് ഇന്‍ ന്യൂയോര്‍ക്ക്’; എമ്പുരാനില്‍ ഇന്ദ്രജിത്തും ജോയിന്‍ ചെയ്തു

പൃഥിരാജ് ചിത്രം എമ്പുരാന്റെ ചിത്രീകരണം ന്യൂയോര്‍ക്കില്‍ പുരോഗമിക്കുകയാണ്. ഇപ്പോഴിതാ ഇന്ദ്രജിത്തും സിനിമയുടെ പുതിയ ഷെഡ്യൂളില്‍ ജോയിന്‍ ചെയ്തിരിക്കുകയാണ്. താരം പൃഥ്വിരാജിനൊപ്പമുള്ള ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചുകൊണ്ടാണ് ഇക്കാര്യം അറിയിച്ചത്. ‘ബ്രോ ബോണ്ടിങ് ഇന്‍ ന്യൂയോര്‍ക്ക്’ എന്ന അടിക്കുറിപ്പോടെയാണ് ഇന്ദ്രജിത്ത് പൃഥ്വിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചത്.

സിനിമയുടെ അമേരിക്കന്‍ ഷെഡ്യൂളില്‍ പുരോഗമിക്കുകയാണ്. മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ളവര്‍ ഭാഗമാകുന്ന ഷെഡ്യൂളില്‍ നടന്‍ ടൊവിനോ തോമസും കഴിഞ്ഞ ദിവസം ജോയിന്‍ ചെയ്തിരുന്നു. 12 ദിവസത്തില്‍ താഴെ മാത്രമുള്ള ഷെഡ്യൂളാണ് യുഎസില്‍ ഉണ്ടാവുക. തുടര്‍ന്ന് എമ്പുരാന്റെ സംവിധായകന്‍ പൃഥ്വിരാജിന്റെ വരാനിരിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമായ ആടുജീവിതത്തിന്റെ പ്രൊമോഷന്‍ പരിപാടികള്‍ക്കായി പൃഥിരാജ് ഇന്ത്യയിലെത്തിയേക്കും. സിനിമയുടെ റിലീസിന് ശേഷമായിരിക്കും എമ്പുരാന്റെ അടുത്ത ഷെഡ്യൂള്‍ എന്നാണ് വിവരം. ഇത് ചെന്നൈയില്‍ വെച്ചായിരിക്കും നടക്കുന്നത്.

മോഹന്‍ലാലിന്റെ ലൈന്‍ അപ്പുകളില്‍ ഏറ്റവും കാത്തിരിപ്പുള്ള ചിത്രങ്ങളില്‍ ഒന്നാണ് ‘എമ്പുരാന്‍’. 2019 ല്‍ ‘ലൂസിഫര്‍’ വിജയമായതിന് ശേഷം പ്രഖ്യാപിക്കപ്പെട്ട സിനിമ മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും പ്രദര്‍ശനത്തിനെത്തും. ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം. ലൂസിഫറിലെ അഭിനേതാക്കളായ പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ശശി കപൂര്‍, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പന്‍ തുടങ്ങിയവരും പുതിയ ചിത്രത്തിന്റെ ഭാഗമാണ്.

Top