സഹോദരങ്ങളായ യുവാക്കളെ അയല്‍വാസി കുത്തിക്കൊലപ്പെടുത്തി; അന്വേഷണം

അമ്മാന്‍: സഹോദരങ്ങളായ രണ്ടുപേരെ അയല്‍വാസി കുത്തിക്കൊലപ്പെടുത്തി. ജോര്‍ദാനിലെ അമ്മാന്‍ നഗരത്തിന് വടക്ക് ഇര്‍ബിദിലാണ് സംഭവം ഉണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ‘ഗള്‍ഫ് ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തു. രണ്ട് യുവാക്കളാണ് കൊല്ലപ്പെട്ടത്.

തിങ്കളാഴ്ചയാണ് യുവാക്കള്‍ക്ക് കുത്തേറ്റ വിവരം ഇര്‍ബിദ് പൊലീസ് ഡയറക്ടറേറ്റില്‍ ലഭിച്ചതെന്ന് പബ്ലിക് സെക്യൂരിറ്റി ഡയറക്ടറേറ്റ് വക്താവ് വെളിപ്പെടുത്തി. താമര്‍, റാമി അല്‍ ഹമൗരി എന്നീ സഹോദരങ്ങള്‍ക്കും അവരുടെ പിതാവിനും കുത്തേറ്റ നിലയില്‍ പൊലീസ് കണ്ടെത്തുകയായിരുന്നു.

സഹോദരങ്ങള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. അവരുടെ പിതാവ് പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. കൊലപാതകത്തിന് ശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതിയെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. തുടര്‍ നിയമനടപടികള്‍ക്കായി ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

പ്രതിയെ കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. കൊലപാതകത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം പുരോഗമിക്കുന്നു.

 

Top