ബ്രദര്‍ ഇത് നിങ്ങളാണോ; തുര്‍ക്കി ടിവി സീരീസ് കണ്ട് കണ്‍ഫ്യൂഷനിലായി പാക് പേസര്‍

ഇസ്ലാമാബാദ്: ഒരു തുര്‍ക്കി ടിവി സീരീസ് കണ്ട് പാകിസ്താന്‍ പേസര്‍ മുഹമ്മദ് ആമിറിനുണ്ടായ സംശയമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ലോക്ക്ഡൗണ്‍ കാരണം വീട്ടില്‍ കുടുങ്ങിയ ആമിര്‍ തുര്‍ക്കി ടിവി സീരീസായ ഡിറിലിസ് എര്‍ത്തുഗ്രല്‍ ഗാസി സ്ഥിരമായി കാണുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് സീരീസിലെ ഒരു കഥാപാത്രത്തിന് വിരാട് കോലിയുമായി സാദൃശ്യം തോന്നുന്നത്.

ഉടന്‍ തന്നെ ഇതിന്റെ ചിത്രമെടുത്ത് ആമിര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. ബ്രദര്‍ ഇത് നിങ്ങളാണോ, ഞാന്‍ ആകെ ആശയക്കുഴപ്പത്തിലാണ് എന്ന കമന്റോട് കൂടിയാണ് യ്മീര്‍ ചിത്രം പങ്കുവച്ചത്. ടര്‍ക്കിഷ് നടനും നിര്‍മാതാവുമായ ജാവിത് ജെതിന ഗുണറാണ് വിരാട് കോലിയുടെ ആ അപരന്‍. ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ സ്ഥാപകനായ ഉസ്മാന്റെ പിതാവ് എര്‍ത്തുഗ്രുല്‍ ഗാസിയുടെ കഥയാണ് ഈ ടിവി സീരീസില്‍ പറയുന്നത്.

Top