പ്രൊമോട്ടര്‍മാരും മാനേജുമെന്റും ഇടഞ്ഞു ; ഇന്‍ഫോസിസ് സ്ഥാപകര്‍ ഓഹരികള്‍ വിറ്റഴിക്കുന്നു !

ബെംഗളൂരു: കമ്പനിയുടെ പ്രൊമോട്ടര്‍മാരും മാനേജുമെന്റും തമ്മില്‍ തര്‍ക്കം. ഇന്‍ഫോസിസ് സഹസ്ഥാപകര്‍ തങ്ങളുടെ എല്ലാ ഓഹരികളും വിറ്റഴിക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്.

28,000 കോടി മൂല്യമുള്ള 12.75 ശതമാനം ഓഹരികളാണ് വിറ്റഴിക്കുന്നത്‌.

വളര്‍ച്ച നേടാന്‍ ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ 2020ഓടെ 2,000 കോടി ഡോളര്‍ വരുമാനം നേടാനുള്ള ദീര്‍ഘകാല വരുമാന ലക്ഷ്യം ഇന്‍ഫോസിസ് ഉപേക്ഷിച്ചു.

ഇന്‍ഫോസിസിന്റെ 2016-17 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ദീര്‍ഘകാല വരുമാന ലക്ഷ്യങ്ങളെക്കുറിച്ച് പരാമര്‍ശമില്ലായിരുന്നു. ഇന്‍ഫോസിസ് സി.ഇ.ഒ. വിശാല്‍ സിക്കയുടെ 1.1 കോടി ഡോളര്‍ എന്ന വാര്‍ഷിക പ്രതിഫലം ഈ ലക്ഷ്യം മുന്‍നിര്‍ത്തിയായിരുന്നു. ലക്ഷ്യം നേടാനാകാതെ വന്നാല്‍ അദ്ദേഹത്തിന്റെ പ്രതിഫലം വന്‍തോതില്‍ കുറയും.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം തന്നെ അദ്ദേഹത്തിന്റെ ശമ്പളം 67 ലക്ഷം ഡോളറായി കുറഞ്ഞിരുന്നു. 2016-17 സാമ്പത്തിക വര്‍ഷം 1,020 കോടി ഡോളറാണ് ഇന്‍ഫോസിസിന്റെ വരുമാനം. മൂന്നു വര്‍ഷം കൊണ്ട് അത് ഇരട്ടിയാക്കുകയെന്നത് ഇപ്പോഴത്തെ സാഹചര്യത്തില്‍ അപ്രാപ്യമാണ്.

കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡിലെ പത്തു പേരെയും വിലയിരുത്താനായി ഇഗോണ്‍ സെന്‍ഡര്‍ എന്ന ആഗോള എച്ച്.ആര്‍. സംരംഭത്തെയും സി.ഇ.ഒ. വിശാല്‍ സിക്കയുടെ ജോലി എളുപ്പമാക്കാന്‍ മൂന്നംഗ ഉപദേശക സമിതിയെയും ഇന്‍ഫോസിസ് നിയോഗിച്ചിരുന്നു.

ജര്‍മന്‍ സോഫ്റ്റ് വെയര്‍ കമ്പനിയായ സാപ്പിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്ന സിക്ക 2014 ഓഗസ്റ്റിലാണ് ഇന്‍ഫോസിസിന്റെ സി.ഇ.ഒ. പദത്തിലെത്തിയത്. ഇന്‍ഫോസിസിന്റെ സ്ഥാപകാംഗമല്ലാത്ത ആദ്യ സി.ഇ.ഒ. ആണ് അദ്ദേഹം.

Top