നിയമം തെറ്റിച്ച് വളർത്തു നായയുമായി പാർക്കിലെത്തി; വീണ്ടും വിവാദത്തിൽപ്പെട്ട് ഋഷി സുനക്

ലണ്ടൻ: ഒന്നിനു പിറകെ ഒന്നായി വിവാദങ്ങളിൽ അകപ്പെട്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. പാർക്കിലേക്ക് വളർത്തു നായയുമായി പ്രവേശിച്ചതാണ് പുതിയ വിവാദത്തിന് കാരണം. സെൻട്രൽ ലണ്ടനിലെ ഹൈഡ്രേ പാർക്കിലാണ് സംഭവം. ഋഷി സുനകും കുടുംബവും തന്റെ നായയുമായി നടക്കാനെത്തുകയായിരുന്നു.

വന്യജീവി സംരക്ഷണത്തിന്റെ ഭാ​ഗമായി പാർക്കിലേക്ക് പുറത്തുനിന്നുള്ള മൃ​ഗങ്ങളെ പ്രവേശിപ്പിക്കുന്നത് നിരോധിച്ചിരുന്നു. എന്നാൽ ഈ നിയമം ലംഘിച്ചു കൊണ്ടായിരുന്നു ഋഷി സുനകിന്റേയും കുടുംബത്തിന്റേയും പ്രവേശനം. എന്നാൽ ഇത് ശ്രദ്ധയിൽ പെട്ട പൊലീസ് ഉദ്യോ​ഗസ്ഥർ പാർക്കിൽ വളർത്തുമൃ​ഗങ്ങൾക്ക് പ്രവേശനമില്ലെന്ന് ഋഷി സുനകിന്റെ ഭാര്യയായ ആകാശ് മൂർത്തിയോട് പറയുകയായിരുന്നു. ഋഷി സുനകിനും കുടുംബത്തിനുമൊപ്പം വളർത്തുനായ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.

അതേസമയം, സംഭവത്തിൽ പ്രതികരിക്കാൻ ഋഷി സുനകിന്റെ വക്താവ് തയ്യാറായില്ല. മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസണേക്കാൾ മികച്ച പ്രധാനമന്ത്രിയായിരിക്കാൻ ഋഷി സുനക് ശ്രമിക്കുമ്പോഴും പൊലീസ് പിഴ ചുമത്തിയ ആദ്യത്തെ പ്രധാമന്ത്രിയാണ് ഋഷി സുനകെന്നതാണ് യാഥാർത്ഥ്യം.

യാത്രയ്ക്കിടെ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് ഋഷി സുനകിന് ബ്രിട്ടിഷ് പൊലീസ് പിഴയിട്ടിരുന്നു. പുതിയ ലെവൽ അപ്പ് ക്യാമ്പയിനെ പറ്റി ഋഷി സുനക് തന്നെ ഇൻസ്റ്റഗ്രാമിൽ അപ്ലോഡ് ചെയ്ത വീഡിയോയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. ഈ വീഡിയോ വൈറലായതോടെയാണ് ബ്രിട്ടീഷ് പൊലീസ് പ്രധാനമന്ത്രിക്ക് പിഴയിട്ടത്.

മുമ്പ് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് ഋഷി സുനക് വിമര്‍ശന വിധേയനായിരുന്നു. ഇപ്പോള്‍ വടക്കൻ ഇംഗ്ലണ്ടിലെ ലങ്കാഷെയറിലേക്കുള്ള യാത്രയ്ക്കിടെയാണ് ഋഷി സുനക് സീറ്റ് ബെല്‍റ്റ് ധരിക്കാതെ യാത്ര ചെയ്തത്. കാറിന്റെ പിന്‍ സീറ്റില്‍ യാത്ര ചെയ്യുകയായിരുന്ന ഋഷി സുനക് സീറ്റ് ബെല്‍റ്റ് ഊരി വീഡിയോ ചിത്രീകരിക്കുകയും ആ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയുമായിരുന്നു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും സീറ്റ് ബെൽറ്റ് ധരിക്കാത്തതിനെതിരെ വിമര്‍ശനം ഉയരുകയും ചെയ്തു. പിന്നാലെ ബ്രിട്ടിഷ് പൊലീസ് പ്രധാനമന്ത്രിക്ക് പിഴ ചുമത്തുകയായിരുന്നു. സംഭവത്തിൽ ഋഷി സുനക് ഖേദം പ്രകടിപ്പിച്ചു. പിന്നീട് പിഴ അടക്കുകയും ചെയ്തു.

Top