‘ആ സംഭവം വലിയ തെറ്റ്, ഇന്ത്യയോട് മാപ്പ് പറയും’; ബ്രിട്ടനിലെ പ്രതിപക്ഷ പാര്‍ട്ടിയുടെ പ്രകടന പത്രിക

ലണ്ടന്‍: തെരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങള്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കുന്ന പ്രകടനപത്രിക എല്ലാ പാര്‍ട്ടികളും പുറത്തിറക്കാറുണ്ട്. അത്തരത്തില്‍ ബ്രിട്ടനിലെ പ്രതിപക്ഷ പാര്‍ട്ടിയായ ലേബര്‍ പാര്‍ട്ടി പുറത്തിറക്കിയ പത്രികയാണ് ഇപ്പോള്‍ ഇന്ത്യയിലെ ചര്‍ച്ചാ വിഷയം. എന്തിനാണ് ഇന്ത്യക്കാര്‍ ഈ വിഷയം ചര്‍ച്ച ചെയ്യുന്നത് എന്ന് ചിന്തിക്കുന്നവരും ഉണ്ടാകും. അതിന് കാരണമുണ്ട്.

ഇന്ത്യക്കാര്‍ ഓരോരുത്തരും രാഷ്ട്രീയ വ്യത്യസമില്ലാതെ വര്‍ഷങ്ങളായി ആഗ്രഹിക്കുന്ന ഒരു കാര്യമാണ് അവര്‍ പ്രകടനപത്രികയില്‍ ചേര്‍ത്തിരിക്കുന്നത്. ഏകദേശം 100 വര്‍ഷം മുമ്പ് കൊളോണിയല്‍ ഭരണകാലത്ത് ഇന്ത്യയിലെ ജാലിയന്‍വാലാബാഗില്‍ നടന്ന കൂട്ടക്കൊലയില്‍ ഇന്ത്യയോട് മാപ്പ് പറയാന്‍ തയ്യാറാണ് എന്നായിരുന്നു അത്. 1919ലാണ് പഞ്ചാബിലെ ജാലിയന്‍വാലാബാഗില്‍ സമാധാനപരമായി യോഗം ചേര്‍ന്നവര്‍ക്കുനേരെ ബ്രിട്ടീഷ് സൈന്യം വെടിയുതിര്‍ത്തത്. ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയുടെ 100ാം വാര്‍ഷികം ഇന്ത്യ ആചരിക്കുന്ന പശ്ചാത്തലത്തിലാണ് മാപ്പപേക്ഷിക്കാമെന്ന് ലേബര്‍ പാര്‍ട്ടി പറയുന്നത്.

മുമ്പ് ഇന്ത്യ സന്ദര്‍ശിച്ചിരുന്ന നേതാക്കള്‍ പലരും ഈ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചിരുന്നെങ്കിലും ഇന്നുവരെ ആരും മാപ്പ് പറയാന്‍ തയ്യാറായിരുന്നില്ല. ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ ബ്രിട്ടന്‍ മാപ്പ് പറയണമെന്ന് ഇന്ത്യയുടെ ഏറെക്കാലത്തെ ആവശ്യമാണ്. 107 പേജുള്ള പ്രകടനപത്രികയില്‍ നിരവധി വാഗ്ദാനങ്ങളാണ് ജെറമി കോര്‍ബിന്‍ നേതൃത്വം നല്‍കുന്ന ലേബര്‍ പാര്‍ട്ടി നല്‍കുന്നത്. കോളോണിയല്‍ ഭരണകാലത്ത് സംഭവിച്ച അനീതികള്‍ അന്വേഷിക്കാനായി ജഡ്ജിംഗ് കമ്മിറ്റിയെ നിയോഗിക്കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു. അമൃത്‌സറിലെ സുവര്‍ണ ക്ഷേത്രത്തിലേക്കുള്ള സൈനിക നടപടിയില്‍ ബ്രിട്ടന്‍ സൈനിക ഉപദേശം നല്‍കിയിരുന്നതിന്റെ രേഖകള്‍ 2014ല്‍ പുറത്തുവിട്ടിരുന്നു.

കശ്മീര്‍, യെമന്‍, മ്യാന്മര്‍, ഇറാന്‍ എന്നിവിടങ്ങളിലെ പ്രശ്‌നങ്ങളില്‍ ക്രിയാത്മകമായ ഇടപെടലിന് കണ്‍സര്‍വേറ്റീവുകള്‍ പരാജയപ്പെട്ടെന്നും ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ ഈ നയത്തില്‍ മാറ്റം വരുത്തുമെന്നും പറയുന്നു. ബ്രിട്ടനിലെ ഇന്ത്യന്‍ വംശജരുടെയും കുടിയേറ്റക്കാരുടെയും സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഇന്ത്യന്‍ താല്‍പര്യ വിഷയങ്ങള്‍ക്ക് ലേബര്‍പാര്‍ട്ടി മുന്‍ഗണന നല്‍കിയത്. ഡിസംബര്‍ 12നാണ് ബ്രിട്ടനില്‍ പൊതുതെരഞ്ഞെടുപ്പ്.

Top