ഇന്ത്യ ഇടഞ്ഞതോടെ ബ്രിട്ടന്‍ അയഞ്ഞു; കൊവി ഷീല്‍ഡിന് അംഗീകാരം, ക്വാറന്റൈന്‍ തുടരും

ന്യൂഡല്‍ഹി: വിവാദങ്ങള്‍ക്കൊടുവില്‍ ഇന്ത്യയുടെ കൊവിഷീല്‍ഡിന് അംഗീകാരം നല്‍കി ബ്രിട്ടന്‍. ഇരട്ടത്താപ്പിനും വിവേചനത്തിനും എതിരെ ഇന്ത്യ അതേ നാണയത്തില്‍ മുന്നറിയിപ്പ് നല്‍കിയതോടെയാണ് ബ്രിട്ടണ്‍ അയഞ്ഞതെന്നാണ് സൂചന. എന്നാല്‍ ഇന്ത്യ നല്‍കുന്ന വാക്സിന്‍ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനാല്‍ ബ്രിട്ടനില്‍ എത്തുന്ന ഇന്ത്യക്കാര്‍ ക്വാറന്റൈനില്‍ തുടരേണ്ടി വരും. ഇന്ത്യ നല്‍കുന്ന കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ വ്യക്തത വരുത്താതെ നിര്‍ബന്ധിത ക്വാറന്റീന്‍ പിന്‍വലിക്കാന്‍ സാധിക്കില്ലെന്നാണ് യുകെ വ്യക്തമാക്കിയത്.

യുകെ മാനദണ്ഡപ്രകാരം കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ ജനന തീയതിയാണ് രേഖപ്പെടുത്തേണ്ടത്. എന്നാല്‍ ഇന്ത്യ സര്‍ട്ടിഫിക്കറ്റില്‍ നല്‍കുന്നത് വയസ് മാത്രമാണ്. ഇത് അംഗീകരിക്കാന്‍ കഴിയില്ല എന്നാണ് യുകെ അറിയിച്ചിരിക്കുന്നത്. ഇന്ത്യ സര്‍ട്ടിഫിക്കറ്റ് തിരുത്തിയാല്‍ മാത്രമേ നിര്‍ബന്ധിത ക്വാറന്റീന്‍ ഒഴിവാക്കുകയുള്ളൂ എന്ന് ബ്രിട്ടന്‍ വ്യക്തമാക്കി.

നേരത്തെ, അസ്ട്ര സെനക വാക്‌സിന്‍ അംഗീകരിക്കുകയും അതിന്റെ ഇന്ത്യന്‍ പതിപ്പായ കൊവിഷീല്‍ഡ് അംഗീകരിക്കാതിരിക്കുകയും ചെയ്ത ബ്രിട്ടന്റെ നടപടിക്കെതിരെ ഇന്ത്യ രൂക്ഷമായി പ്രതികരിച്ചിരുന്നു. കൊവിഷീല്‍ഡ് രണ്ടു ഡോസും കുത്തിവച്ച് ബ്രിട്ടനിലെത്തുന്ന ഇന്ത്യക്കാരെ, വാക്‌സിനേറ്റ് ചെയ്യാത്തവരായി കണക്കാക്കി പത്തു ദിവസം ക്വാറന്റൈനിലാക്കാനായിരുന്നു തീരുമാനം. ഇതു മാറ്റിയില്ലെങ്കില്‍ ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് ക്വാറന്റൈന്‍ ഏര്‍പ്പെടുത്താന്‍ ഇന്ത്യയും നിര്‍ബന്ധിതമാകുമെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ ഇന്നലെ ബ്രിട്ടനെ അറിയിച്ചിരുന്നു.

ന്യൂയോര്‍ക്കില്‍ ഇന്നലെ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ലിസ് ട്രൂസുമായി ഈ പ്രശ്‌നം ചര്‍ച്ച ചെയ്തപ്പോഴാണ് ഇന്ത്യയുടെ നിലപാട് ജയശങ്കര്‍ വ്യക്തമാക്കിയത്. ക്വാറന്റൈന് പുറമേ പി.സി.ആര്‍ ടെസ്റ്റും മറ്റു നിയന്ത്രണങ്ങളും ഇന്ത്യക്കാര്‍ക്ക് ഏര്‍പ്പെടുത്തുമെന്നാണ് ബ്രിട്ടന്‍ തിങ്കളാഴ്ച പ്രഖ്യാപിച്ചത്. ബ്രിട്ടണില്‍ നിര്‍മ്മിക്കുന്ന ആസ്ട്രാസെനക എടുത്തവര്‍ക്ക് ക്വാറന്റൈന്‍ വേണ്ടെന്ന് പറയുമ്പോള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന അതേ വാക്‌സിന്‍ വിലക്കുന്നത് വിവേചനമാണെന്ന് ജയശങ്കര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Top