ബ്രിട്ടീഷ് കപ്പല്‍ പിടിച്ചെടുത്ത സംഭവം ;ഇറാനെ ബന്ധപ്പെട്ടെന്ന് കമ്പനി

ലണ്ടന്‍:സമുദ്ര നിയമം ലംഘിച്ചതിന്റെ പേരില്‍ ബ്രിട്ടിഷ് എണ്ണക്കപ്പലായ സ്റ്റെന ഇംപറോ ഇറാന്‍ പിടിച്ചെടുത്ത സംഭവത്തില്‍ വിശദീകരണവുമായി കപ്പല്‍ കമ്പനി അധികൃതര്‍. ജീവനക്കാരെ കാണാന്‍ അനുവദിക്കണമെന്ന് ഇറാനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും തുറമുഖ അധികൃതരുടെ മറുപടി കാക്കുകയാണെന്നും ബ്രിട്ടനിലെ സ്റ്റെനാ ഇംപറോ കപ്പല്‍ കമ്പനി അധികൃതര്‍ പറഞ്ഞു.

സ്റ്റെനാ ഇംപെറോ കപ്പല്‍ കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവായ എറിക് ഹാനെലാണ് ഔദ്യോഗിക വിശദീകരണവുമായി രംഗത്തെത്തിയത്. ഇറാന്‍ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്, കപ്പലിലുള്ളവരെ കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇറാന്‍ അധികൃതര്‍ക്ക് കത്തുനല്‍കി. എന്നാല്‍ ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. ഇറാന്റെ തീരുമാനത്തിന് വേണ്ടി കാത്തിരിക്കുകയാണെന്നും ചീഫ് എക്‌സിക്യൂട്ടീവ് പറഞ്ഞു.

ബ്രിട്ടന്റെ എണ്ണക്കപ്പലിലെ 23 ജീവനക്കാരില്‍ 18 പേരും ഇന്ത്യക്കാരാണെന്നാണ് റിപ്പോര്‍ട്ട്.അതില്‍ മൂന്ന മലയാളികളുമുണ്ട്.ഇന്ത്യക്കാര്‍ക്കു പുറമേ കപ്പലില്‍ റഷ്യ, ലാത്വിയ, ഫിലിപൈന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരും ഉണ്ട്.

കപ്പലിലെ 23 ജീവനക്കാരും സുരക്ഷിതരാണെന്ന് നങ്കൂരമിട്ടിരിക്കുന്ന ബന്ദര്‍ അബ്ബാസിലെ തുറമുഖ അതോറിറ്റി മേധാവി നേരത്തെ അറിയിച്ചിരുന്നു. അവരുടെ ആവശ്യങ്ങളെല്ലാം നിറവേറ്റുമെന്നും എന്നാല്‍ കപ്പലില്‍ പരിശോധന നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ശനിയാഴ്ച രാജ്യാന്തര സമുദ്രനിയമം ലംഘിച്ചെന്ന പേരില്‍ സൗദിയിലേക്ക് പോകുന്നതിനിടെ ഹോര്‍മുസ് കടലിടുക്കില്‍ വെച്ചാണ് ഇറാനിയന്‍ റവല്യൂഷനറി ഗാര്‍ഡ്സ ബ്രിട്ടിഷ് എണ്ണക്കപ്പല്‍ പിടിച്ചെടുത്തത്.

Top