കോളനിവത്ക്കരണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് വേറിട്ട രീതിയില്‍ ആദരവ്; ശ്രദ്ധേയനായി 73കാരന്‍

സിഡ്‌നി: പത്തൊമ്പതാം നൂറ്റാണ്ടില്‍ ഓസ്‌ട്രേലിയയില്‍ നടന്ന ബ്രിട്ടീഷ് കോളനിവത്ക്കരണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് വേറിട്ട രീതിയിലുള്ള ആദരവുമായി 73കാരന്‍ രംഗത്ത്. ചിത്രകാരനായ മൈക്ക് പാര്‍ ആണ് വേറിട്ട രീതിയില്‍ ആദരവുമായി എത്തിയിരിക്കുന്നത്.

ഓസ്‌ട്രേലിയയിലെ തിരക്കുള്ള റോഡിനടിയില്‍ മൂന്ന് ദിവസം താമസിച്ച് നിരാഹാരം അനുഷ്ഠിച്ചാണ് അദ്ദേഹം ആദരവ് പ്രകടിപ്പിച്ചത്. ആദരത്തിന് പുറമെ ബ്രിട്ടീഷ് ഏകാധിപത്യ ഭരണത്തിനോടുള്ള പ്രതിഷേധം രേഖപ്പെടുത്താനാണ് അദ്ദേഹം ഈ മാതൃക തിരഞ്ഞെടുത്തത്. റോഡ് ഇളക്കി മാറ്റി കോണ്‍ക്രീറ്റ് ബ്ലോക്കിനടിയില്‍ പെട്ടി സ്ഥാപിക്കുകയായിരുന്നു മൈക്ക് പാര്‍.

തിരക്കുള്ള റോഡിനടിയില്‍ ഒരു സ്റ്റീലിന്റെ പെട്ടി ഒരുക്കി മൂന്ന് ദിവസമാണ് അദ്ദേഹം അതില്‍ താമസിച്ചത്. 1.7 മീറ്റര്‍ നീളവും 2.2 മീറ്റര്‍ വീതിയുമുള്ള പെട്ടിയില്‍ ഓക്‌സിജന്‍ കടത്തിവിട്ടാണ് അദ്ദേഹം മൂന്നുനാള്‍ പെട്ടിയില്‍ ജീവിച്ചത്.

പെട്ടിയുടെ ഉള്ളില്‍ കിടക്കുന്നതിനായി ഒരു കിടക്കയും കൂടെ വെള്ളവും അവശ്ഷിടങ്ങള്‍ ഇടാന്‍ ഒരു പെട്ടിയും ചിത്രം വരയ്ക്കുന്നതിനുള്ള ക്യാന്‍വാസും പെന്‍സിലും മാത്രമാണ് അദ്ദേഹം കൈവശം കരുതിയിരുന്നത്. ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് ഇയാളെ പുറത്തെത്തിച്ചത്.

Top