ബൈഡന് പിന്നാലെ ഇസ്രയേലിലെത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്

ടെൽ അവീവ്: ബൈഡന് പിന്നാലെ ഇസ്രയേലിലെത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഇസ്രയേല്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതായും ദുരന്തമുഖങ്ങളില്‍ കഷ്ടപ്പെടേണ്ടി വന്ന ജനതയോടൊപ്പമാണ് ബ്രിട്ടനുള്ളതെന്നും ഋഷി സുനക് ഇസ്രയേലിലെത്തിയ ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

‘എല്ലാത്തിനുമുപരി, ഇസ്രയേല്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയാണ് ഈ സന്ദര്‍ശനലക്ഷ്യം. പറഞ്ഞറിയിക്കാനാവാത്ത, ഭയാനകമായ സംഘര്‍ഷങ്ങളാണ് നിങ്ങള്‍ അനുഭവിച്ചത്, ബ്രിട്ടനും ഞാനും നിങ്ങളോടൊപ്പം ഉണ്ടാകും’, ശേഷം സുനക് ഇസ്രായേല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവുമായും പ്രസിഡന്റ് ഐസക് ഹെര്‍സോഗുമായി ഋഷി സുനക് കൂടിക്കാഴ്ച നടത്തും. യുദ്ധമുഖത്തില്‍ തകര്‍ന്നടിഞ്ഞ ഗാസയിലേക്ക് എത്രയും വേഗം മാനുഷിക സാഹായങ്ങളുള്‍പ്പടെ എത്തിക്കുന്നതാണ് കൂടിക്കാഴ്ചയുടെ പ്രധാന ഉദ്ദേശങ്ങളിലൊന്നായി അദ്ദേഹത്തിന്റെ ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചത്. കൂടാതെ, ഗാസയില്‍ യുദ്ധം രൂക്ഷമാകുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കുമെന്നും വിവരങ്ങളുണ്ട്.

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായിട്ടുള്ള കൂടിക്കാഴ്ചക്ക് ശേഷമായിരിക്കും മറ്റ് പ്രാദേശിക തലസ്ഥാനങ്ങള്‍ ഋഷി സുനക് സന്ദര്‍ശിക്കുക. ഇസ്രയേലിലെയും ഗാസയിലെയും ജനങ്ങളുടെ മരണത്തില്‍ അദ്ദേഹം അനുശോചനം അറിയിച്ചിരുന്നു.

Top