ബ്രിട്ടന്റെ എണ്ണകപ്പല്‍ പിടികൂടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഇറാൻ

ടെഹ്റാന്‍: സമുദ്ര നിയമം ലംഘിച്ചതിന്റെ പേരില്‍ സൗദിയിലേക്ക് പോകുന്നതിനിടെ ഹോര്‍മുസ് കടലിടുക്കില്‍ വെച്ച് ബ്രിട്ടന്റെ എണ്ണകപ്പല്‍ പിടികൂടുന്നതിന്റെ ദൃശ്യങ്ങള്‍ ഇറാന്‍ പുറത്തുവിട്ടു.

അതേസമയം, തങ്ങളുടെ മത്സ്യബന്ധന ബോട്ടില്‍ ഇടിച്ചു എന്നാരോപിച്ച് ഇറാന്‍ സൈന്യമായ റവലൂഷണറി ഗാര്‍ഡ് സ്വീഡിഷ് കമ്പനിയായ സ്റ്റെനാ ബള്‍ക്കിന്റെ കപ്പല്‍ പിടിച്ചെടുക്കുന്ന വീഡിയോ ഇറാന്‍ പുറത്തുവിട്ടു. ഹെലിക്കോപ്ടറിലെത്തി കപ്പലില്‍ ഇറങ്ങുന്ന വീഡിയോയാണ് ഇവര്‍ പുറത്തുവിട്ടിരിക്കുന്നത്. സ്പീഡ് ബോട്ടുകളിലും ഹെലികോപ്ടറുകളിലും എത്തി കപ്പലിനെ വലം വെച്ച് പിടികൂടുന്നതാണ് ദൃശ്യത്തിലുള്ളത്. മറ്റൊരു സ്പീഡ് ബോട്ടില്‍ നിന്ന് പകര്‍ത്തിയതാണ് ദൃശ്യങ്ങള്‍. മാസ്‌ക് ധരിച്ച സൈനികര്‍ തോക്കുകളുമായി ഹെലികോപ്റ്ററില്‍ നിന്ന് കപ്പലിന്റെ ഡെക്കിലേക്ക് ഇറങ്ങി വരുന്നതും ദൃശ്യങ്ങളിലുണ്ട്.

ഫിഷിംഗ് ബോട്ടിന്റെ അപായ സന്ദേശം അവഗണിച്ച് അന്താരാഷ്ട്ര സമുദ്രഗതാഗത ചട്ടങ്ങള്‍ ലംഘിച്ചതിനാണ് കപ്പല്‍ പിടിച്ചെടുത്തതെന്ന് റവല്യൂഷണറി ഗാര്‍ഡ് അറിയിച്ചു. ഇറാന്റെ ഫിഷിംഗ് ബോട്ടില്‍ ബ്രിട്ടീഷ് കപ്പല്‍ ഇടിച്ചെന്നും തുടര്‍ന്ന് നേവിയുടെ കപ്പലും ഹെലികോപ്റ്ററും എത്തി കപ്പല്‍ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നുവെന്നും ഇറാന്‍ വാര്‍ത്താ ഏജന്‍സി ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു.

ബ്രിട്ടന്റെ എണ്ണക്കപ്പലിലെ 23 ജീവനക്കാരില്‍ 18 പേരും ഇന്ത്യക്കാരാണെന്നും അതില്‍ മൂന്ന് മലയാളികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവരില്‍ ഒരാള്‍ കപ്പലിലെ ക്യാപ്റ്റനാണ്. കളമശേരി സ്വദേശിയായ ഡിജോ പാപ്പച്ചനെ കൂടാതെ തൃപ്പൂണിത്തറ, പള്ളുരുത്തി സ്വദേശികകളായ രണ്ട് പേരും കപ്പലിലുണ്ടെന്നാണ് സൂചന.

ശനിയാഴ്ചയാണ് രാജ്യാന്തര സമുദ്രനിയമം ലംഘിച്ചെന്ന പേരില്‍ ബ്രിട്ടിഷ് എണ്ണക്കപ്പലായ സ്റ്റെനാ ഇംപെറോ ഇറാന്‍ പിടിച്ചെടുത്തത്. സൗദി തുറമുഖത്തേക്ക് പോവുകയായിരുന്നു കപ്പല്‍.

Top