കശ്മീര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ എതിര്‍ത്ത ബ്രിട്ടീഷ് എംപിക്ക് പ്രവേശനം നിഷേധിച്ചു

ന്യൂഡല്‍ഹി : ബ്രിട്ടീഷ് എംപിക്ക് ഇന്ത്യ പ്രവേശനം നിഷേധിച്ചു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ച മോദി സര്‍ക്കാര്‍ നീക്കത്തെ വിമര്‍ശിച്ച ബ്രിട്ടീഷ് എംപി ഡെബ്ബി എബ്രഹാമിനാണ് പ്രവേശനം നിഷേധിച്ചത്. കൃത്യമായ വിസ രേഖകളില്ലെന്നാരോപിച്ചാണ് നടപടി. ഇന്നലെയാണ് ഡെബ്ബി ദുബായില്‍ നിന്ന് ഡല്‍ഹിയിലെത്തിയത്.

കശ്മീര്‍ തര്‍ക്കത്തില്‍ പാര്‍ലമെന്റ് രൂപീകരിച്ച സമിതിയുടെ അധ്യക്ഷയായിരുന്നു ഡെബ്ബി. ലേബര്‍ പാര്‍ട്ടി എംപിയായ ഇവര്‍ കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കാനുള്ള ഇന്ത്യന്‍ തീരുമാനത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച നേതാവാണ്. ജനവിശ്വാസത്തെ വഞ്ചിച്ചുവെന്ന് ഇന്ത്യയെ അറിയിക്കാന്‍ അവര്‍ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ക്ക് കത്തെഴുതുകയും ചെയ്തിരുന്നു.

വിസക്ക് ഒക്ടോബര്‍ 20 വരെ കാലാവധിയുണ്ടെന്നും കാരണമൊന്നും കാണിക്കാതെ വിസ നിഷേധിക്കുകയായിരുന്നുവെന്നും ഡെബ്ബി പറഞ്ഞു. കുടുംബത്തെയും സുഹൃത്തുക്കളെയും കാണാന്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് ഇവര്‍ ഇന്ത്യയിലെത്തിയത്.

Top