നിലപാട് കടുപ്പിച്ച് ഇന്ത്യ; ബ്രിട്ടീഷ് ഹൈക്കമ്മീഷന്റെ സുരക്ഷ വെട്ടിക്കുറച്ചു; ബാരിക്കേഡുകൾ നീക്കി

ഡൽഹി: ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ ഖലിസ്ഥാൻ അനുകൂലികൾ നടത്തിയ ആക്രമണത്തിൽ പ്രതിഷേധം കടുപ്പിച്ച് ഇന്ത്യ. ഡൽഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷനുള്ള സുരക്ഷ ഇന്ത്യ വെട്ടിക്കുറച്ചു. ചാണക്യപുരിയിലെ ഓഫീസിന് മുന്നിലെ പൊലീസ് ബാരിക്കേഡുകളും നീക്കിയിട്ടുണ്ട്.

ബ്രിട്ടീഷ് ഹൈക്കീഷണർ അലക്‌സ് എല്ലിസിന്റെ രാജാജി മാർഗിലെ വസതിക്ക് മുന്നിലെ സുരക്ഷാ ബാരിക്കേഡുകളും നീക്കിയിട്ടുണ്ട്. അതേസമയം സുരക്ഷാ ഉദ്യോഗസ്ഥരെ പിൻവലിച്ചിട്ടുണ്ടോ എന്നതിൽ വ്യക്തതയില്ലെന്നാണ് റിപ്പോർട്ടുകൾ.

ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഓഫീസിലേക്ക് ഞായറാഴ്ച ഖലിസ്ഥാൻ അനുകൂലികൾ ഇരച്ചുകയറുകയും, ബാൽക്കണിയിൽ കയറി ഇന്ത്യൻ പതാക നശിപ്പിക്കുകയും ചെയ്തു. ഖലിസ്ഥാൻ വാദികൾ ആക്രമണം നടത്തിയപ്പോൾ ബ്രിട്ടീഷ് പൊലീസ് ഇന്ത്യൻ ഹൈക്കീഷനു സുരക്ഷ നൽകിയില്ലെന്ന് ആരോപിച്ചാണ് ഇന്ത്യയുടെ നടപടി.

സംഭവത്തിന് പിന്നാലെ ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ക്രിസ്റ്റീന സ്‌കോട്ടിനെ ഇന്ത്യൻ വിദേശകാര്യമന്ത്രാലയം വിളിച്ചുവരുത്തി അതൃപ്തി അറിയിച്ചിരുന്നു. ഇന്ത്യൻ ഹൈക്കീഷനു നേർക്ക് ആക്രമണം നടത്തിയ വിഘടനവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.

Top