കൊവിഡ് നിയന്ത്രണം ലംഘിച്ചതിന് ബ്രിട്ടീഷ് ആരോഗ്യമന്ത്രി രാജിവെച്ചു

ലണ്ടന്‍: സര്‍ക്കാറിന്റെ കൊവിഡ് മാനദണ്ഡം ലംഘിച്ച മന്ത്രി രാജിവെച്ചു. ബ്രിട്ടനിലാണ് സംഭവം. യുകെ ആരോഗ്യസെക്രട്ടറി മാറ്റ് ഹാന്‍കോക്കാണ് അടുത്ത സഹായിയെ മാനദണ്ഡം ലംഘിച്ച് ചുംബിച്ചതിനെ തുടര്‍ന്ന് രാജിവെച്ചത്. മുന്‍ സാമ്പത്തിക മന്ത്രി സാജിദ് ജാവിദ് പകരം ചുമതലയേറ്റെടുത്തു. സണ്‍ ദിനപത്രമാണ് ഒളിക്യാമറയിലൂടെ ചിത്രം പകര്‍ത്തിയത്. മെയ് ആറിന് ഹാന്‍കോക് തന്റെ ഓഫിസില്‍വെച്ച് സഹായിയെ ചുംബിക്കുന്ന ചിത്രമാണ് പുറത്തുവന്നത്. തുടര്‍ന്ന് പ്രതിപക്ഷം രംഗത്തെത്തി. കൊവിഡ് മാനദണ്ഡം പാലിക്കാത്തതിന് സാധാരണക്കാരില്‍ നിന്ന് പിഴയീടാക്കുമ്പോള്‍ ഉത്തരവാദപ്പെട്ടവര്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നില്ലെന്നാണ് വിമര്‍ശനമുയര്‍ന്നത്.

തുടക്കത്തില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഹാന്‍കോക്കിന് പിന്തുണ നല്‍കിയെങ്കിലും പ്രതിഷേധം കടുത്തതോടെ രാജിവെക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ആരോഗ്യസെക്രട്ടറിയുടെ നിയമനം ഇതുവരെ പുറത്തറിയിക്കാത്തതില്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി ആവശ്യപ്പെട്ടു. മുന്‍ ലോബിയിസ്റ്റ് ഗിന കൊളാഡെയ്ഞ്ചലോയെയാണ് സര്‍ക്കാര്‍ ആരോഗ്യസെക്രട്ടറിയുടെ സഹായിയായി നിയമിച്ചത്. ഹാന്‍കോകും ഗിനയും വിവാഹിതരാണ്.

 

Top