കൊറോണ ഇന്ത്യയില്‍ നിന്നും ഉത്ഭവിക്കാത്തതിന് ദൈവത്തിന് നന്ദി

ന്യൂഡല്‍ഹി: മാരകമായി കെറോണ വൈറസ് ഉത്ഭവിച്ച് ചൈനയില്‍ നിന്നായത് ഭാഗ്യം, ഇന്ത്യയെപ്പോലെ ഒരു രാജ്യത്തല്ലല്ലോ കൊറോണവൈറസ് തുടങ്ങിയതെന്നതിന് ദൈവത്തോട് നന്ദി പറയണമെന്ന ബ്രിട്ടീഷ് സാമ്പത്തിക ശാസ്ത്രജ്ഞന്‍ ജിം ഓ നെയിലിന്റെ പ്രസ്താവന വിവാദത്തില്‍. കൊറോണയെ ചെറുക്കാന്‍ ഇന്ത്യയില്‍ സംവിധാനങ്ങള്‍ ഉണ്ടാകില്ലെന്നും ജിം ഓ നെയില്‍ പറഞ്ഞിരുന്നു.

ഇന്ത്യന്‍ ഭരണനേതൃത്വത്തിന് അതിനുള്ള കഴിവുണ്ടാകുമെന്ന് കരുതുന്നില്ലെന്നും ചൈനീസ് മോഡല്‍ മികച്ചതായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ബ്രസീല്‍ പോലുള്ള രാജ്യമായാലും സ്ഥിതി ഗുരുതരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിഎന്‍ബിസില്‍ നടന്ന ചര്‍ച്ചയിലാണ് നെയിലിന്റെ വിവാദ പ്രസ്താവന. കൊറൊണവൈറസിനെ ഇല്ലാതാക്കാന്‍ പാശ്ചാത്യ രാജ്യങ്ങളെ ചൈനയുടെ മാതൃക പിന്തുടരണമെന്നും അദ്ദേഹം ചര്‍ച്ചയില്‍ വ്യക്തമാക്കി.

ഒ നെയിലിന്റെ വിവാദ പരാമര്‍ശത്തില്‍ പ്രതിഷേധവുമായി ഇന്ത്യ രംഗത്തെത്തിയിരിക്കുകയാണ്. ഒ നെയിലിന്റെ പ്രസ്താവന നിരുത്തരവാദപരവും അനുചിതവുമാണെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ മന്ത്രി വിശ്വേശ് നേഗി സിഎന്‍ബിസിയോട് പ്രതികരിച്ചു.

ആഗോള മഹാമാരിയായി പ്രഖ്യാപിച്ച കൊവിഡ് 19 ഇന്ത്യയില്‍ ഇതുവരെ 72 പേര്‍ക്കാണ് സ്ഥിരീകരിച്ചത്. ഒരാള്‍ പോലും മരിച്ചതായും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ ഇതുവരെ 3169 പേര്‍ മരിച്ചു. 80000ത്തിലധികം പേര്‍ക്ക് രോഗം ബാധിക്കുകയും ചെയ്തു. കൊവിഡ് 19നെതിരെ കടുത്ത പ്രതിരോധമാണ് ഇന്ത്യ സ്വീകരിക്കുന്നത്. മന്ത്രിമാരുടെ വിദേശ യാത്ര റദ്ദാക്കുകയും വിദേശികള്‍ക്ക് വിസ നല്‍കുന്നതും വിലക്കുകയും ചെയ്തിട്ടുണ്ട് എന്നും വിശ്വേശ് നേഗി പ്രതികരിച്ചു.

Top