ബ്രിട്ടീഷ് ഡൈവര്‍ക്കെതിരെ മോശം പരാമര്‍ശം ; എലോണ്‍ മസ്‌ക് മാപ്പ് പറഞ്ഞു

വാഷിംഗ്ടണ്‍: തായ്‌ലാന്‍ഡിലെ ഗുഹയിലകപ്പെട്ട 12 കുട്ടികളെയും പരിശീലകനെയും രക്ഷപ്പെടുത്തിയ സംഘാംഗത്തെ കുട്ടികളോട് ലൈംഗികാസക്തി ഉള്ള ആള്‍ എന്നു വിളിച്ച സ്‌പേസ് എക്‌സ് സി ഇ ഒ എലോണ്‍ മസ്‌ക് മാപ്പ് പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത ബ്രിട്ടീഷ് ഡൈവര്‍ വെര്‍നണ്‍ അണ്‍സ്‌വര്‍ത്തിനെയാണ് മസ്‌ക് കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ പീഡോ എന്ന് അഭിസംബോധന ചെയ്തത്.

കുട്ടികളോട് ലൈംഗികാസക്തി ഉള്ള ആള്‍ എന്നര്‍ത്ഥം വരുന്ന പീഡോഫീലിയ എന്നതിന്റെ ചുരുക്ക രൂപമാണ് പീഡോ. എന്നാല്‍ മസ്‌കിന്റെ മോശം പരമാര്‍ശത്തിനെതിരെ വ്യപകമായ പ്രതിഷേധമാണ് ഉയര്‍ന്ന് വന്നത്.
ഇതിനെ തുടര്‍ന്നാണ് മസ്‌ക് ബുധനാഴ്ച ട്വിറ്ററിലൂടെ ക്ഷമാപണം നടത്തിയത്.

കഴിഞ്ഞയാഴ്ചയാണ് അണ്‍സ് വര്‍ത്തും മസ്‌കും തമ്മില്‍ ഉരസലുണ്ടായത്. തായ്‌ലന്‍ഡിലെ ഗുഹയിലകപ്പെട്ട 13 പേരെ രക്ഷപ്പെടുത്താനുള്ള ദൗത്യം പുരോഗമിക്കുന്നതിനിടെ മസ്‌ക് തന്റെ കമ്പനി നിര്‍മിച്ച മിനി സബ്മറൈനുമായി തായ്‌ലന്‍ഡില്‍ എത്തിയിരുന്നു. എന്നാല്‍ മസ്‌കിന്റെ സബ്മറൈന്‍ രക്ഷാദൗത്യത്തിന് യോജിച്ചതല്ലെന്നും പബ്ലിസിറ്റിക്ക് വേണ്ടിയാണ് മസ്‌ക് തായ്‌ലന്‍ഡിലെത്തിയതെന്നും അണ്‍സ് വെര്‍ത്ത് ആരോപിച്ചത്. ഇതില്‍ ക്ഷുഭിതനായാണ് മസ്‌ക് ബ്രിട്ടീഷ് ഡൈവറിനെതിരെ ആരോപണമുന്നയിച്ചത്.

Top