ഹോങ്കോങ്ങിലെ ബ്രിട്ടിഷ് കോണ്‍സുലേറ്റ് ജീവനക്കാരനെ ചൈന കരുതല്‍ തടങ്കലിലാക്കി

ഹോങ്കോങ് : ചൈനയ്ക്കെതിരായി പ്രക്ഷോഭം നടക്കുന്ന ഹോങ്കോങ്ങിലെ ബ്രിട്ടിഷ് കോണ്‍സുലേറ്റ് ജീവനക്കാരനെ കരുതല്‍ തടങ്കലിലാക്കി. കോണ്‍സുലേറ്റിലെ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് ഓഫിസറായ സിമോണ്‍ ചെങ് (28) പിടിയിലായ വിവരം ചൈനീസ് വിദേശകാര്യ മന്ത്രാലയമാണ് പുറത്തുവിട്ടത്. രണ്ടാഴ്ചയായി ഇദ്ദേഹത്തെ കാണാനില്ലെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയായിരുന്നു ചൈനയുടെ ഔദ്യോഗിക വിശദീകരണം.

ഓഗസ്റ്റ് എട്ടിന് രാവിലെ ഹോങ്കോങ്ങില്‍ നിന്ന് ഷെന്‍സെനിലേക്കു പോയതായാണ് സിമോണിന്റെ പെണ്‍സുഹൃത്ത് ആനി ലി പറഞ്ഞത്. ട്രേഡ് ഓഫിസര്‍ പദവിയുടെ പിന്‍ബലത്തിലായിരുന്നു യാത്ര. ബ്രിട്ടിഷ് കോണ്‍സുലേറ്റിന്റെ സ്‌കോട്ടിഷ് ഡവലപ്മെന്റ് ഇന്റര്‍നാഷനല്‍ ഇന്‍വെസ്റ്റ്മെന്റ് ഏജന്‍സിയിലായിരുന്നു സിമോണിനു ജോലി. സ്‌കോട്‌ലന്‍ഡും ബ്രിട്ടനും തമ്മിലുള്ള വ്യാപാരബന്ധം ശക്തമാക്കുന്നതിനു രൂപീകരിച്ചതായിരുന്നു ഏജന്‍സി. ഇതിന്റെ ഭാഗമായി ഇടയ്ക്കിടെ ചൈനയിലേക്കും യാത്ര പതിവായിരുന്നു.

ഹോങ്കോങ്ങിലേക്കു പോകും മുന്‍പ് സിമോണ്‍ ആനിക്ക് അക്കാര്യം വ്യക്തമാക്കിയുള്ള സന്ദേശവും അയച്ചിരുന്നു. അതിനു ശേഷം യാതൊരു വിവരവുമില്ലായിരുന്നെന്നും ആനി മാധ്യമങ്ങളോടു പറഞ്ഞു. ബ്രിട്ടിഷ് സര്‍ക്കാരുമായി സിമോണിനു കരാറുണ്ടായിരുന്നു. അതിന്റെ ഭാഗമായുള്ള ജോലിക്കു വേണ്ടി മാത്രമാണ് ഷെന്‍സെനിലേക്കു പോയത്. അല്ലെങ്കില്‍ പോകേണ്ട ആവശ്യമില്ല. അതിനാല്‍ത്തന്നെ സംഭവത്തില്‍ ബ്രിട്ടന് ഉത്തരവാദിത്തമുണ്ടെന്നും ഇടപെടണമെന്നും ആനി ആവശ്യപ്പെട്ടു..

ചൈനയ്ക്കു കുറ്റാരോപിതരെ വിചാരണയ്ക്കു കൈമാറുന്നതിനുള്ള നിര്‍ദിഷ്ട ബില്ലിനെതിരെ രാജ്യാന്തര വാണിജ്യകേന്ദ്രമായ ഹോങ്കോങ്ങില്‍ ആരംഭിച്ച പ്രക്ഷോഭം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയത്താണ് സിമോണിനെതിരെയുള്ള നടപടി.

Top