ഇന്ത്യന്‍ വംശജ പ്രീതി പട്ടേലിന് പകരക്കാരിയായി ബ്രിട്ടീഷ് കാബിനറ്റിലേക്ക് പെന്നി മോര്‍ഡന്റ്

ലണ്ടന്‍: ഇന്ത്യന്‍ വംശജ പ്രീതി പട്ടേല്‍ രാജിവച്ച സാഹചര്യത്തില്‍ പെന്നി മോര്‍ഡന്റ് എന്ന വനിതാ നേതാവിനെ പുതിയ ഇന്റര്‍നാഷണല്‍ ഡവലപ്പ്‌മെന്റ് സെക്രട്ടറിയായി തെരേസ മേ സര്‍ക്കാര്‍ നിയമിച്ചു.

ബ്രെക്‌സിറ്റിനെ പിന്തുണക്കുന്ന മറ്റൊരു എംപിയെത്തന്നെ പകരം കൊണ്ടുവരണമെന്ന ആവശ്യം നിലനിര്‍ത്തിയാണ് പെന്നി മോര്‍ഡന്റിന്റെ നിയമനം.

നിലവില്‍ വര്‍ക് ആന്‍ഡ് പെന്‍ഷന്‍ മന്ത്രാലയത്തില്‍ സഹമന്ത്രിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു ഇവര്‍.

കാബിനറ്റ് പദവിയോടെ ബ്രിട്ടനില്‍ മന്ത്രിയാക്കപ്പെട്ട പ്രഥമ ഇന്ത്യന്‍ വംശജ പ്രീതി പട്ടേല്‍ ബുധനാഴ്ച രാത്രിയാണു രാജിവച്ചത്. ഓഗസ്റ്റില്‍ ഇസ്രയേലില്‍ അവധി ആഘോഷിക്കാന്‍ പോയ പ്രീതി ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അടക്കമുള്ള ഉന്നതരുമായി രഹസ്യമായി കൂടിക്കാഴ്ച നടത്തിയ വിവരം പുറത്തുവന്നതാണു കാരണം.

അന്താരാഷ്ട്ര വികസന സെക്രട്ടറി എന്ന നിലയില്‍ ബ്രിട്ടന്റെ വിദേശ സഹായ ഫണ്ടുകളുടെ ചുമതലയാണു പ്രീതി വഹിച്ചിരുന്നത്. ഇസ്രയേല്‍ സന്ദര്‍ശനത്തിനിടെ ഗോലാന്‍ കുന്നിലെ സൈനിക ആശുപത്രിയിലും പോയി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഇസ്രയേല്‍ സൈന്യത്തിനു ഫണ്ട് ലഭ്യമാക്കാനായിരുന്നു സന്ദര്‍ശനമെന്ന് ആരോപിക്കപ്പെടുന്നു.

Top