ബ്രിട്ടിഷ് എയര്‍വെയ്‌സ് വിമാനം ആദ്യമായി കേരളത്തില്‍; യുകെ പൗരന്മാര്‍ സ്വന്തം രാജ്യത്തേക്ക്

തിരുവനന്തപുരം: യുകെ പൗരന്മാരെ തിരികെ സ്വന്തം രാജ്യത്തേക്ക് കൊണ്ടുപോകാനായി ബ്രിട്ടിഷ് എയര്‍വെയ്‌സ് വിമാനം ആദ്യമായി കേരളത്തില്‍ ലാന്‍ഡ് ചെയ്തു. ലോക്ഡൗണിനെ തുടര്‍ന്ന് കേരളത്തില്‍ കുടുങ്ങിയ യുകെ പൗരന്‍മാരെ നാട്ടിലെത്തിക്കുന്നതിനാണു ബ്രിട്ടിഷ് സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദേശത്തില്‍ വിമാനമെത്തിയത്.

വൈകിട്ട് 5.25ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ വിമാനം ഏഴരയോടെ 110 യാത്രക്കാരുമായി കൊച്ചിയിലെത്തി. തുടര്‍ന്ന് കൊച്ചിയിലുള്ള 158 പേരേയും കൂട്ടിയാത്രതിരിച്ചു. ആകെ 268 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ബഹ്‌റൈന്‍ വഴിയാണ് മടക്കം. കേരളത്തിലും തമിഴ്‌നാട്ടിലും ചികില്‍സയ്ക്കായും വിനോദസഞ്ചാരത്തിനായും എത്തിയവരാണു യാത്രക്കാരെല്ലാവരും.

ആരോഗ്യവകുപ്പിന്റെ പ്രോട്ടോകോള്‍ പ്രകാരം നിശ്ചിത ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞ ശേഷമാണ് ഇവര്‍ മടങ്ങാനായി വിമാനത്താവളത്തിലെത്തിയത്. ബ്രിട്ടിഷ് വിമാനത്തില്‍ പോയവരില്‍ 7 പേര്‍ കോവിഡ് രോഗമുക്തി നേടിയ ശേഷം നിശ്ചിത ദിവസങ്ങള്‍ നിരീക്ഷണത്തിലും കഴിഞ്ഞവരാണ്. ബ്രിട്ടിഷ് സംഘത്തില്‍, നേരത്തെ മൂന്നാറിലെ റിസോര്‍ട്ടില്‍ നിന്ന് മുങ്ങി വിമാനത്താവളത്തില്‍ പിടിയിലായ ബ്രിയാന്‍ നെയിലും ഭാര്യയും ഉള്‍പ്പെടും.

കേരളത്തില്‍ കുടുങ്ങിയ ബ്രിട്ടിഷ് പൗരന്‍മാരില്‍ തിരിച്ചു പോകാന്‍ ആഗ്രഹിക്കുന്നവരുടെ വിവരങ്ങള്‍ നേരത്തേ സര്‍ക്കാര്‍ ശേഖരിച്ചിരുന്നു. തിരുവനന്തപുരത്തും കൊച്ചിയിലും വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിയവരെ ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക വാഹനങ്ങളില്‍ വിമാനത്താവളങ്ങളിലേക്കു എത്തിക്കുകയായിരുന്നു.

സ്വദേശത്തേക്കു മടങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ച ഏതെങ്കിലും യുകെ പൗരന്‍മാര്‍ സംസ്ഥാനത്ത് ഉള്ളതായി അറിവില്ലെന്നു ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടര്‍ രാജ്കുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലേക്കു ബ്രിട്ടിഷ് എയര്‍വെയ്‌സിന് നിലവില്‍ സര്‍വീസുകളില്ല. യൂറോപ്യന്‍ സെക്ടറിലേക്കു വിമാന സര്‍വീസ് ആരംഭിക്കണമെന്ന് ഏറെ വര്‍ഷങ്ങളായുള്ള ആവശ്യമാണ്.

കേരളത്തില്‍ നിന്ന് യൂറോപ്യന്‍ സെഗ്‌മെന്റിലേക്കു നേരിട്ട് സര്‍വീസ് നടത്തുമ്പോള്‍ ശരാശരി 10 മണിക്കൂറെങ്കിലും പറക്കേണ്ടതുണ്ട്. ഇതുപോലെയുള്ള ലോങ് ട്രിപ്പുകളില്‍ പൈലറ്റ് മാറ്റം ഉള്‍പ്പടെയുള്ള കാര്യങ്ങളിലെ സാങ്കേതിക തടസം നിലനില്‍ക്കുന്നതിനാലാണ് ഇത്തരം സര്‍വീസ് നടത്തുന്നതിന് വിമാനക്കമ്പനികള്‍ മുന്നോട്ടു വരാത്തത്.

Top