കപ്പലുകള്‍ പിടിച്ചെടുത്ത സംഭവം; ഇറാന്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശം നിരാകരിച്ച് ബ്രിട്ടന്‍

ലണ്ടന്‍ :പിടിച്ചെടുത്ത എണ്ണക്കപ്പലുകള്‍ പരസ്പരം വിട്ടുകൊടുത്ത് ഇറാനുമായുള്ള പ്രശ്‌നം പരിഹരിക്കാനുള്ള സാധ്യത ബ്രിട്ടന്‍ നിരാകരിച്ചു.ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്റെ ഗ്രേസ് 1 എണ്ണക്കപ്പല്‍ വിട്ടുകൊടുത്താല്‍ ഇറാന്‍ പിടിച്ചുവച്ച ബ്രിട്ടന്റെ സ്റ്റെന ഇംപെറോ കൈമാറാനുള്ള സാധ്യത നേരത്തേ ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി മുന്നോട്ടു വച്ചിരുന്നു.

എന്നാല്‍ ബ്രിട്ടന്റെ പുതിയ വിദേശകാര്യമന്ത്രി ഡൊമിനിക് റാബ് ഇതിനുള്ള സാധ്യത നിശ്ശേഷം തള്ളി. തങ്ങള്‍ ഗ്രേസ് കപ്പല്‍ പിടിച്ചുവെച്ചത് യൂറോപ്യന്‍ യൂണിയന്റെ ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്തുന്നുവെന്ന സംശയത്തിലാണ് എന്നാല്‍ തങ്ങളുടെ കപ്പല്‍ ഇറാന്‍ പിടിച്ചത് നിയമവിരുദ്ധമായാണെന്നും അവ തമ്മില്‍ താരതമ്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജുലൈ നാലിനാണ് ഇറാന്റെ എണ്ണകപ്പല്‍ ‘ഗ്രേസ്’ 1 ബ്രിട്ടീഷ് നാവികര്‍ ജിബ്രിട്ടാള്‍ കടലിടുക്കില്‍ പിടിച്ചെടുത്തത്. ഇറാനില്‍ നിന്ന് പിടിച്ചെടുത്ത എണ്ണക്കപ്പല്‍ ഉപാധികളോടെ വിട്ടുനല്‍കാമെന്ന് ബ്രിട്ടന്‍ നേരത്തെ പറഞ്ഞിരുന്നു.

എണ്ണക്കപ്പല്‍ ഇറാന് തിരിച്ചുനല്‍കണമെങ്കില്‍ എണ്ണ സിറിയയിലേക്ക് കൊണ്ടുപോകില്ലെന്ന് ഉറപ്പുനല്‍കാമെങ്കില്‍ എണ്ണക്കപ്പല്‍ ഇറാന്‍ നല്‍കാമെന്നാണ് ബ്രിട്ടന്റെ പഴയ വിദേശകാര്യമന്ത്രി ജെറമി ഹണ്ട് പറഞ്ഞിരുന്നത്. എണ്ണ എവിടെനിന്നു കൊണ്ടുവന്നു എന്നത് തങ്ങളെ സംബന്ധിച്ച് വിഷയമല്ലെന്നും വിഷയം എണ്ണ എങ്ങോട്ട് കൊണ്ടുപോകുന്നു എന്നതിലാണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്.

ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന തങ്ങളുടെ കപ്പലുകള്‍ക്ക് അകമ്പടിപോകാന്‍ എച്ച്എംഎസ് ഡങ്കന്‍ എന്ന ഒരു യുദ്ധക്കപ്പല്‍കൂടി ബ്രിട്ടന്‍ നിയോഗിച്ചു. മോണ്‍ട്രോസ് എന്ന കപ്പലിനു പുറമേയാണിത്. ബ്രിട്ടന്റെ യുദ്ധക്കപ്പലിലെ നാവികരെ ഇറാന്‍ റവല്യൂഷനറി ഗാര്‍ഡുകള്‍ ഭീഷണിപ്പെടുത്തുന്ന പുതിയ വിഡിയോ പുറത്തിറങ്ങി. ചെറുകിട ബോട്ടില്‍ കപ്പലിനരികിലെത്തുന്ന ഇറാന്‍ സൈനികര്‍ ‘നിങ്ങളുടെ ജീവന്‍ അപകടത്തിലാക്കരുത്’ എന്നു പറയുന്നതാണു ദൃശ്യം.

Top