ജി7 വിദേശകാര്യമന്ത്രിമാരുടെ യോഗം; ഇന്ത്യക്ക് ബ്രിട്ടന്‌റെ ക്ഷണം

ജി7 വിദേശകാര്യമന്ത്രിമാരുടെ യോഗത്തിലേക്ക് ഇന്ത്യയെ ക്ഷണിച്ച് ബ്രിട്ടൺ. വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബാണ് ഇന്ത്യയ്ക്ക് ഔദ്യോഗിക ക്ഷണം നൽകിയത്. മെയ് മൂന്ന് മുതൽ അഞ്ച് വരെ ലണ്ടനിലാണ് യോഗം ചേരുക.

കൊറോണ പ്രതിരോധ നടപടികളാകും യോഗത്തിലെ മുഖ്യ അജൻഡകളിൽ ഒന്ന്. ഇതിന് പുറമേ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും യോഗത്തിൽ ചർച്ച ചെയ്യും. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വാക്‌സിൻ ലഭ്യത, പ്രതിരോധം എന്നിവ എങ്ങിനെ സാദ്ധ്യമാക്കി, ദരിദ്ര രാജ്യങ്ങളിലെ പെൺകുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി എങ്ങിനെ പ്രവർത്തിച്ചു തുടങ്ങിയ കാര്യങ്ങൾ പങ്കുവെയ്ക്കാനുള്ള മികച്ച വേദിയാകും വിദേശകാര്യമന്ത്രിമാരുടെ യോഗമെന്ന് ഡൊമിനിക് റാബ് പറഞ്ഞു.

ജൂണിൽ നടക്കുന്ന 47ാമത് ജി7 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബ്രിട്ടൺ നേരത്തെ ക്ഷണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിദേശകാര്യമന്ത്രിമാരുടെ യോഗത്തിലും ക്ഷണം നൽകിയിരിക്കുന്നത്. ആഗോള വേദികളിൽ ഒഴിച്ചു കൂടാനാകാത്ത രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നുവെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.

ഇന്ത്യയ്ക്ക് പുറമേ ആസ്‌ട്രേലിയ, ദക്ഷിണ കൊറിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളെയും ക്ഷണിച്ചിട്ടുണ്ട്. കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, അമേരിക്ക, ബ്രിട്ടൺ, യൂറോപ്യൻ യൂണിയൻ എന്നിവയാണ് ജി7 രാജ്യങ്ങൾ.

 

Top