കാലാവസ്ഥ വ്യതിയാനം: ലോകനേതാക്കള്‍ വാചകമടി മാത്രം, എലിസബത്ത് രാജ്ഞിയുടെ സംഭാഷണം പുറത്ത്

ലണ്ടന്‍: കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാന്‍ ആവശ്യമായത് ചെയ്യാതെ വെറും സംസാരം മാത്രം നടത്തുന്ന ലോകനേതാക്കളെ വിമര്‍ശിച്ച് ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി. കാലാവസ്ഥാ വ്യതിയാന വിഷയവുമായി ബന്ധപ്പെട്ട് അടുത്ത് നടക്കാനിരിക്കുന്ന ഐക്യരാഷ്ട്ര സംഘടനയുടെ സി.ഒ.പി.26 ഉച്ചകോടിയില്‍ പങ്കെടുക്കാത്ത നേതാക്കളെ ലക്ഷ്യമാക്കിയായിരുന്നു അവരുടെ വിമര്‍ശനം.

അതേസമയം പരസ്യമായ വിമര്‍ശനമല്ല. 95-കാരിയായ എലിസബത്തില്‍ നിന്നുണ്ടായത്.
വ്യാഴാഴ്ച കാര്‍ഡിഫില്‍ വെല്‍ഷ് അസംബ്ലി ഉദ്ഘാടനം ചെയ്യാനെത്തിയ എലിസബത്ത്, മറ്റു രണ്ടുപേരുമായുള്ള സംഭാഷണമധ്യേയാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്. മരുമകളും കോണ്‍വാളിന്റെ പ്രഭ്വിയുമായ കാമിലയുമായും പാര്‍ലമെന്റ് പ്രിസൈഡിങ് ഓഫീസര്‍ എലിന്‍ ജോന്‍സുമായുമാണ് എലിസബത്ത് സംസാരിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയതാണ് പുറത്തായത് .

‘ഇത് അസാധാരണമാണ് അല്ലേ. സി.ഒ.പിയെ കുറിച്ചുള്ളതെല്ലാം ഞാന്‍ കേട്ടുകൊണ്ടിരിക്കുകയാണ്. എനിക്ക് ഇപ്പോഴും അറിയില്ല, ആരൊക്കയാണ് വരുന്നതെന്ന് ഒരു വിവരവുമില്ല. വരാത്ത ആളുകളെ കുറിച്ചു മാത്രമാണ് നമുക്ക് അറിയാവുന്നത്. അവര്‍, പ്രവര്‍ത്തിക്കാതെ സംസാരിക്കുക മാത്രം ചെയ്യുന്നത് കാണുമ്പോള്‍ ശരിക്കും ദേഷ്യം വരും’- എലിസബത്ത് പറയുന്നത് കേള്‍ക്കാം. അതേസമയം റെക്കോഡിങ്ങിന്റെ മുഴുവന്‍ഭാഗവും വ്യക്തമല്ല.

ഒക്ടോബര്‍ 31 മുതല്‍ സ്‌കോട്ലന്‍ഡിലെ ഗ്ലാസ്ഗോയിലാണ് സി.ഒ.പി. 26 ഉച്ചകോടി നടക്കുന്നത്. ചൈനയുടെ ഷീ ജിന്‍പിങ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചകോടിയില്‍ പങ്കെടുക്കുമോ എന്ന കാര്യവും വ്യക്തമല്ല.

 

Top