ബ്രിട്ടന്റെ ലക്ഷ്യങ്ങള്‍ ഫലം കണ്ടുതുടങ്ങി; കുടിയേറ്റത്തില്‍ ഒരുലക്ഷം പേരുടെ കുറവ്‌

ലണ്ടന്‍: ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ പ്രത്യേക തീരുമാനങ്ങള്‍ ആകാതെ തുടരുമ്പോഴും ബ്രിട്ടന്റെ ലക്ഷ്യങ്ങള്‍ ഫലം കണ്ടുതുടങ്ങി.

ഒരു വര്‍ഷംകൊണ്ട് ബ്രിട്ടനിലേക്കുള്ള കുടിയേറ്റത്തില്‍ ഒരുലക്ഷം പേരുടെ കുറവാണ് ഉണ്ടായത്.

ബ്രെക്‌സിറ്റ് ഫലത്തില്‍ ഇതില്‍ ഭൂരിഭാഗവും യൂറോപ്യന്‍ യൂണിയനില്‍ നിന്നും ഉള്ളവരാണെന്ന് വ്യക്തമാക്കുന്നു.

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വിവിധ രാജ്യങ്ങളില്‍നിന്നും ബ്രിട്ടനിലേക്ക് കുടിയേറി താമസമാക്കിയത് 230,000 പേരാണ്.

ഈവര്‍ഷം ജൂണിനു മുമ്പ് ബ്രിട്ടനിലേക്ക് വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയ വിദേശികള്‍ 572,000 ആണ്. ഇതില്‍ 342,000 പേര്‍ മടങ്ങിപ്പോയിട്ടുണ്ട്. ഇങ്ങനെ വരുന്നവരും മടങ്ങിപ്പോകുന്നവരും തമ്മിലുള്ള അന്തരമാണ് കുടിയേറ്റമായി (നെറ്റ് മൈഗ്രേഷന്‍) ആയി കണക്കാക്കുന്നത്.

കുടിയേറ്റക്കാരുടെ എണ്ണം ലക്ഷങ്ങളുടെ കണക്കില്‍ നിന്നും പതിനായിരങ്ങളാക്കി മാറ്റുകയാണ് ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ലക്ഷ്യം.

നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസ് പുറത്തുവിട്ട കണക്കനുസരിച്ച് കഴിഞ്ഞ ഒരു വര്‍ഷം മൈഗ്രേഷനിലുണ്ടായ 106,000 പേരുടെ കുറവ് രാജ്യചരിത്രത്തിലെ സര്‍വകാല റെക്കോര്‍ഡാണ്.

ബ്രിട്ടനില്‍ ജനിച്ച യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍പോലും രാജ്യം വിട്ടുപോകുന്ന സ്ഥിതിയുണ്ടായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ഇതോടൊപ്പം ബ്രിട്ടീഷ് പൗരത്വം നേടാന്‍ അപേക്ഷ നല്‍കുന്ന യൂറോപ്യന്‍ പൗരന്മാരുടെ എണ്ണത്തിലും വന്‍ വര്‍ധനയുണ്ട്. ബ്രിട്ടനിലേക്ക് വരുന്നവരുടെ എണ്ണത്തിലുണ്ടായ കുറവില്‍ ഭൂരിഭാഗവും യൂറോപ്യന്‍ യൂണിയനില്‍ നിന്നുമാണ്.

യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍നിന്നും ബ്രിട്ടനിലേക്ക് ജോലി അന്വേഷിച്ച് വരുന്നവരുടെ എണ്ണത്തില്‍ 43 ശതമാനം കുറവാണ് ഒരുവര്‍ഷംകൊണ്ട് ഉണ്ടായത്. ഇത് ബ്രെക്‌സിറ്റ് ഇഫക്ട് കൂടുതല്‍ വ്യക്തമാക്കുന്നു.

Top