കാലാവസ്ഥ വ്യതിയാനം:സമുദ്രനിരപ്പ് ഉയരുന്നത് ബ്രിട്ടനിലെ ചിത്രശലഭത്തിന് ഭീഷണി

ബ്രിട്ടന്‍: ബ്രിട്ടനിലെ ഏറ്റവും വലിയ ചിത്രശലഭമായ സ്വാളോ ടെയിലിന് നാല് ദശാബ്ദത്തിനുള്ളില്‍ വംശനാശം സംഭവിക്കുമെന്ന് സന്നദ്ധ സംഘടനയായ സ്വാളോ ടെയില്‍ ബേര്‍ഡ് വിങ്ങിന്റെ അധ്യക്ഷന്‍ മാര്‍ക്ക് കോളിന്‍സ് പറഞ്ഞു. സമുദ്രനിരപ്പ് ഉയരുന്നതാണ് ചിത്രശലഭത്തിന്റെ വംശനാശത്തിന് കാരണം. ആഗോളതലത്തില്‍ 500 ല്‍ അധികം വരുന്ന സ്വാളോ ടെയില്‍ വര്‍ഗ്ഗത്തിലുള്ള ചിത്രശലഭങ്ങളെ സംരക്ഷിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഈ ട്രസ്റ്റ്.

ഇംഗ്ലണ്ടിലെ നോര്‍ഫോക്ക്, സഫോക്ക് എന്നീ പ്രവിശ്യയിലെ ജലഗതാഗത യോഗ്യമായ നദികളുടെയും തടാകങ്ങളുടെയും ഒരു ശ്യംഖലയാണ് ബ്രോഡ്‌സ് നാഷണല്‍ പാര്‍ക്ക്. ബ്രോഡ്‌സ് നാഷണല്‍ പാര്‍ക്കിലാണ് ഈ ചിത്രശലഭത്തിന്റെ വാസസ്ഥലം. ഈ ചിത്രശലഭങ്ങളുടെ ഭക്ഷണം പ്രധാനമായും മില്‍ക്ക് പാര്‍സ് ലേ എന്ന ഇലയാണ്. ഈ ഇലയുള്ളചെടി ഉപ്പു വെള്ളത്തില്‍ വളരുകയില്ല. അത് കൊണ്ട് തന്നെ ചിത്രശലഭങ്ങള്‍ക്ക് അതിജീവിക്കാനും സാധിക്കില്ല.

സമുദ്രനിരപ്പ് 50 സെന്റീമീറ്റര്‍ കൂടുന്നതോടെ ഈ വിഭാഗം ചിത്രശലഭങ്ങളുടെ പ്രജനനകേന്ദ്രം ഉപ്പുപാടമാകുമെന്നും, കാലക്രമേണ ഇവയുടെ വംശം നശിക്കുകയും ചെയ്യുമെന്ന് മാര്‍ക്ക് കോളിന്‍സ് വ്യക്തമാക്കി.കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്നാണ് ബ്രോഡ്‌സ് നാഷണല്‍ പാര്‍ത്ത് ഓരോ ദിനം കഴിയുന്തോറും ചതുപ്പ് നിലമായി മാറുകയാണ്. ഇത്തരം സാഹചര്യം മൂലം ജീവികള്‍ക്ക് ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണ്.

Top