ബ്രെക്സിറ്റ് വൈകിപ്പിക്കാനായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എം.പിമാര്‍ കോടതിയിലേക്ക്

ലണ്ടന്‍ : ബ്രെക്‌സിറ്റ് വൈകിപ്പിക്കുന്നതിനായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടവരടക്കമുള്ള ബ്രിട്ടീഷ് എം.പിമാര്‍ കോടതിയിലേക്ക്. കഴിഞ്ഞ ദിവസമാണ് ഉപാധി രഹിത ബ്രെക്‌സിറ്റ് തടയാനുള്ള ബില്ല് ബ്രിട്ടീഷ് പാര്‍ലമെന്റ് പാസ്സാക്കിയത്. എലിസബത്ത് രാജ്ഞി ഒപ്പിട്ട് ബില്ല് തിങ്കളാഴ്ച നിയമമാകും.

ഒക്ടോബര്‍ 31നകം യൂറോപ്യന്‍ യൂണിയനുമായി ധാരണയിലെത്താനായില്ലെങ്കില്‍ സമയം നീട്ടി ചോദിക്കാന്‍ ബോറിസ് ജോണ്‍സനെ സമ്മര്‍ദത്തിലാക്കുന്നതാണ് ഉപരിസഭ പാസാക്കിയ ബില്‍.

ബ്രെക്‌സിറ്റ് വൈകിപ്പിക്കാന്‍ യാതൊരു സാധ്യതയില്ലെന്നും ബോറിസ് വ്യക്തമാക്കിയിരുന്നു. കാലതാമസം ആവശ്യപ്പെടുന്നതിനേക്കാള്‍ മരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

വിമത എംപിമാര്‍ യൂറോപ്യന്‍ അനുകൂല കക്ഷിയായ ലിബറല്‍ ഡെമോക്രാറ്റ്‌സിലേക്കു കൂറുമാറിയതിനു പിന്നാലെ ബോറിസ് ജോണ്‍സന്റെ ഭൂരിപക്ഷം നേരത്തെ നഷ്ടമായിരുന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപി ഫിലിപ്പ് ലീയാണ് ബ്രെക്‌സിറ്റ് നടപടികള്‍ പുരോഗമിക്കുന്നതിനിടെ കൂറുമാറിയത്.

650 അംഗ പാര്‍ലമെന്റില്‍ ഭൂരിപക്ഷം നഷ്ടമായെങ്കിലും സര്‍ക്കാര്‍ വീഴില്ല. മുന്‍ നിശ്ചയിച്ച പ്രകാരം ഒക്ടോബര്‍ 31ന് തന്നെ ബ്രക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കി യൂറിപ്യന്‍ യൂണിയനില്‍ നിന്നും പുറത്തുവരണമെന്ന നിലപാടിലായിരുന്നു ബോറിസ് ജോണ്‍സണ്‍.

Top