‘കോവിഡിനൊപ്പം ജീവിക്കാന്‍ തയ്യാറാകണം’; ബ്രിട്ടണ്‍ കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു

കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് ബ്രിട്ടണ്‍. വീട്ടിലിരുന്ന് ജോലി ചെയ്യുന്നതടക്കമുള്ള സംവിധാനങ്ങള്‍ പിന്‍വലിച്ചു. അടുത്ത വ്യാഴാഴ്ച മുതല്‍ പൊതുസ്ഥലത്തടക്കം മാസ്‌ക് വേണ്ടെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അറിയിച്ചു. ബൂസ്റ്റര്‍ ഡോസ് കാര്യക്ഷമമായി നല്‍കിയതിനാല്‍ കോവിഡ് തീവ്രത കുറയ്ക്കാന്‍ ആകുമെന്ന വിലയിരുത്തലിലാണ് തീരുമാനം.

കോവിഡിനൊപ്പം ജീവിക്കാന്‍ തയ്യാറാകണമെന്ന് ബോറിസ് ജോണ്‍സണ്‍ പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു. എന്നാല്‍ മഹാമാരി ഒടുങ്ങിയിട്ടില്ലെന്നും ജാഗ്രത തുടരണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് ഒമിക്രോണ്‍ വ്യാപനം ഉച്ചസ്ഥായിയില്‍ എത്തിയതിന് പിന്നാലെയാണ് നിയന്ത്രണങ്ങള്‍ നീക്കുന്നത്. മികച്ച രീതിയില്‍ ബൂസ്റ്റര്‍ ഡോസ് വിതരണം ചെയ്തതാണ് നിയന്ത്രണങ്ങള്‍ നീക്കാന്‍ സഹായിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു.

60 വയസ്സിനു മുകളില്‍ പ്രായമുള്ളവരില്‍ 90 ശതമാനത്തിനും മൂന്നാം ഡോസ് നല്‍കി. ആകെ 3.6 കോടി ബൂസ്റ്റര്‍ ഡോസുകളാണ് വിതരണം ചെയ്തത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സ്‌കോട്ട്‌ലന്‍ഡ്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. സ്‌റ്റേഡിയങ്ങളിലേക്ക് ആളുകളെ പ്രവേശിപ്പിക്കുന്നതിന് പോലും കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

വൈറല്‍ പനി എന്ന നിലയില്‍ കോവിഡിനെ കാണണം, കോവിഡിനൊപ്പം ജീവിക്കാന്‍ നമ്മള്‍ പഠിക്കണം അത്തരത്തിലൊരു ദീര്‍ഘകാല പദ്ധതി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദ് വ്യക്തമാക്കി.

അതേസമയം ബ്രിട്ടനിലെ കൊറോണ വൈറസ് ലോക്ക്ഡൗണിന്റെ പാരമ്യത്തില്‍ ജോണ്‍സണും ഡൗണിങ് സ്ട്രീറ്റ് ജീവനക്കാരും നിയന്ത്രണങ്ങള്‍ ലംഘിച്ചുവെന്ന പുതിയ വെളിപ്പെടുത്തലുകള്‍ പൊതുജനങ്ങളെ രോഷാകുലരാക്കിയിരിക്കിയിരുന്നു. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മറികടന്ന് നൂറിലേറെപ്പേരെവെച്ച് പാര്‍ട്ടി നടത്തിയെന്ന വിവരം പുറത്തുവന്നതും ജോണ്‍സണിന്റെ നില പരുങ്ങലിലാക്കിയിരുന്നു.

Top