ഇന്ത്യയുടെ റഷ്യൻ അനുകൂല നിലപാടിൽ പ്രതിഷേധിച്ച് ബ്രിട്ടൺ, സന്ദർശനം റദ്ദാക്കി

യുക്രെയിൻ വിഷയത്തിൽ ഇന്ത്യയുടെ റഷ്യൻ അനുകൂല നിലപാടിനെതിരെ കടുപ്പിച്ച് ബ്രിട്ടൺ.കോമൺസ് സ്പീക്കർ സർ ലിൻഡ്സെ ഹോയ്‌ലിന്റെയും അദ്ദേഹത്തിന്റെ ഡെപ്യൂട്ടിയുടെയും നേതൃത്വത്തിലുള്ള ഇന്ത്യ സന്ദർശനമാണ് അവസാന നിമിഷം റദ്ദാക്കിയിരിക്കുന്നത്.10 അംഗ പ്രതിനിധി സംഘം ഇന്ത്യൻ അധികൃതരുമായി ചർച്ച നടത്തിയ ശേഷം , ഡൽഹിയും രാജസ്ഥാനും സന്ദർശിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്.

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചപ്പോഴും, റഷ്യൻ അധിനിവേശത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാനാണ് ആവശ്യപ്പെട്ടിരുന്നത്. ഇന്ത്യൻ സൈനിക ഉപകരണങ്ങളുടെ ഏറ്റവും വലിയ വിതരണക്കാരായ റഷ്യയെ, ഇന്ത്യ ഇതുവരെ ഉപരോധിക്കുകയോ അപലപിക്കുകയോ ചെയ്യാത്തതിൽ നാറ്റോ സഖ്യകക്ഷികൾ കടുത്ത അതൃപ്തിയിലാണുള്ളത്.ഈ സാഹചര്യത്തിൽ അമേരിക്ക മാത്രമല്ല, ഇന്ത്യയുടെ മറ്റു സൗഹൃദ രാജ്യങ്ങളായ ബ്രിട്ടണും ജപ്പാനും തങ്ങളുടേതായ രീതിയിലാണ് ഇന്ത്യയെ സമ്മർദ്ദത്തിലാക്കാൻ ശ്രമിക്കുന്നത്. ബ്രിട്ടന്റെ ഇപ്പോഴത്തെ നീക്കവും അതിന്റെ ഭാഗമാണ്. ബ്രിട്ടീഷ് സ്പീക്കറുടെ ഇന്ത്യയിലേക്കുള്ള ആദ്യ സന്ദർശനം റദ്ദാക്കിയതിലൂടെ ഇന്ത്യക്ക് വ്യക്തമായ സന്ദേശം നൽകാനാണ് ബ്രിട്ടൺ ശ്രമിച്ചിരിക്കുന്നത്. എന്നാൽ, ഇന്ത്യ ഈ പിൻമാറ്റം അവഗണിച്ചിരിക്കുകയാണ്.

                                       യുകെ-ഇന്ത്യ സ്വതന്ത്ര വ്യാപാര കരാറിന്റെ പുരോഗതിയെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഈ പ്രതിനിധി സംഘത്തെ ആദ്യം വിഭാവനം ചെയ്‌തിരുന്നത്. എന്നാൽ ഫെബ്രുവരിയിലെ യുക്രെയ്‌ൻ അധിനിവേശത്തിന് ശേഷം, സന്ദർശനത്തിന്റെ പശ്ചാത്തലം തന്നെ മാറുകയാണുണ്ടായത്, യുക്രേനിയക്കാരുടെ സായുധ സേനയെ പിന്തുണയ്ക്കുന്നതിൽ ബ്രിട്ടനാണ് അമേരിക്കക്കൊപ്പം ഏറ്റവും ശക്തമായി നിലയുറപ്പിച്ചിരിക്കുന്നത്.

ഈ പശ്ചാത്തലത്തിൽ, സ്പീക്കറുടെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് എം.പിമാരുടെ ഇന്ത്യൻ സന്ദർശനത്തെ ഇന്ത്യയും ആശങ്കയോടെയാണ് നോക്കി കണ്ടിരുന്നത്.റഷ്യക്കെതിരെ കൂടുതൽ ശക്തമായ നിലപാട് സ്വീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രേരിപ്പിക്കാൻ ബ്രിട്ടീഷ് എംപിമാർ വഴി നാറ്റോ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഈ സന്ദർശനത്തെ നയതന്ത്ര വിദഗ്ദരും വിലയിരുത്തുന്നത്.

                                  പാശ്ചാത്യ ഉപരോധം റഷ്യയുടെ അന്താരാഷ്ട്ര പണമിടപാട് സംവിധാനങ്ങൾക്ക് ഭീഷണിയാകുന്നതും റൂബിളിന്റെ
വില ഇടിയുകയും ചെയ്യുന്നത് മറികടക്കാൻ, ഇന്ത്യയുമായി നിർണ്ണായക നീക്കങ്ങളാണ് റഷ്യ നടത്തി വരുന്നത്. റഷ്യയിലേക്കുള്ള കയറ്റുമതി തുടരാൻ സഹായിക്കുന്ന രൂപ-റൂബിൾ വ്യാപാര ക്രമീകരണത്തെ കുറിച്ച്, ഇന്ത്യയുടെ സെൻട്രൽ ബാങ്ക് മോസ്കോയുമായി പ്രാഥമിക കൂടിയാലോചനയിലാണെന്നാണ് പാശ്ചാത്യ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്.ഇതാകടെ ബ്രിട്ടനെയും അമേരിക്കയെയും ഏറെ ആശങ്കപ്പെടുത്തുന്നതുമാണ്.

റഷ്യയുടെ ഊർജ കയറ്റുമതിയും മറ്റ് ചരക്കുകളും വാങ്ങി മുന്നോട്ട് പോകാൻ ഇന്ത്യയെടുത്ത തീരുമാനം, നാറ്റോയുടെ റഷ്യൻ ഉപരോധത്തിന് വൻ പ്രഹരമാണ്.

പാക്കിസ്ഥാനുമായും ചൈനയുമായും കടുത്ത ശത്രുത പുലർത്തുന്ന ഇന്ത്യക്ക്, തങ്ങളുടെ പ്രധാന ആയുധ വിതരണക്കാർ കൂടിയായ റഷ്യയെ പിണക്കാൻ ഒരിക്കലും കഴിയില്ലന്നാണ്, ഈ വാർത്ത റിപ്പോർട്ട് ചെയ്ത പാശ്ചാത്യ മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

Top