ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയിൽ ഖേദം പ്രകടിപ്പിച്ച് ബ്രിട്ടൻ

theresa-m

ബ്രിട്ടൻ: ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയിൽ ഒടുവിൽ ഖേദം പ്രകടിപ്പിച്ച് ബ്രിട്ടന്‍. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയാണ് സ്വാതന്ത്ര ചരിത്രത്തിലെ തുല്യതയില്ലാത്ത കൂട്ടക്കുരുതിയിൽ ഖേദ പ്രകടനം നടത്തിയത്. ബ്രിട്ടീഷ് പാര്‍ലമെന്റിലായിരുന്നു മേയുടെ ഖേദപ്രകടനം. നേരത്തെ, മുന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണും സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു.

1919ൽ അരങ്ങേറിയ കൂട്ടക്കുരുതിയുടെ നൂറാം വാർഷിക പരിപാടികൾ സംഘടിപ്പിക്കാൻ ഇന്ത്യ ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് തെരേസ മേ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് രംഗത്ത് വന്നത്.

ഏപ്രിൽ 13ന് ജാലിയൻവാലാബാഗ് മൈതാനത്ത് റൗലത്ത് ആക്ടിനെതിരെ സമാധാനപരമായി യോഗം ചേര്‍ന്ന ആയിരക്കണക്കിന് വരുന്ന പൊതുജനത്തിന് നേരെ ജനറല്‍ ഡയറിന്‍റെ ഉത്തരവു പ്രകാരം ബ്രിട്ടീഷ് സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിക്കാൻ യോഗം ചേർന്നവർക്കെതിരായണ് വെടിവയ്പ്പ് നടന്നത്.

379 പേർ വെടിവെപ്പിൽ മരിച്ചുവെന്നാണ്‌ ബ്രിട്ടീഷ് സർക്കാരിന്‍റെ കണക്ക്. 1800ൽ ഏറെ പേർ വെടിവയ്പ്പിൽ കൊല്ലപ്പെട്ടുവെന്നാണ് അനൗദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. കൂട്ടക്കൊലയിൽ നിരുപാധികം മാപ്പ് പറയണമെന്ന് ബ്രിട്ടീഷ് പ്രതിപക്ഷ നേതാവ് ജെറമി കോർബിൻ ആവശ്യപ്പെട്ടിരുന്നു.

Top