ബ്രിട്ടണില്‍ ലോക്ക് ഡൗണ്‍ തുടരുന്നു; ജാഗ്രതയോടെ ലോക രാജ്യങ്ങള്‍

ലണ്ടന്‍: കോവിഡ് നിയന്ത്രണാതീതമായ സാഹചര്യത്തില്‍ ബ്രിട്ടനില്‍ പ്രഖ്യാപിച്ച സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ തുടരുകയാണ്. ഫെബ്രുവരി പകുതി വരെയെങ്കിലും നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ പറഞ്ഞു. ആളുകള്‍ കഴിയുന്നത്ര വീടുകളില്‍ കഴിയണം. വ്യാപാരസ്ഥാപനങ്ങളും സ്‌കൂളുകളും 7 ആഴ്ച അടച്ചിടും. കഴിഞ്ഞ വര്‍ഷം കോവിഡിന്റെ പാരമ്യത്തില്‍ ചികിത്സ തേടിയവരുടെ 3 ഇരട്ടിയാണ് ഇപ്പോള്‍ ആശുപത്രിയിലെത്തുന്നത്.

അതേസമയം, ജര്‍മനി രാജ്യത്തെ ലോക്ഡൗണ്‍ മാസാവസാനം വരെ നീട്ടാന്‍ ആലോചന നടത്തുന്നുണ്ട്. ഡിസംബര്‍ 16 നാണ് ലോക്ഡൗണ്‍ ആരംഭിച്ചത്. 8.3 കോടി ജനസംഖ്യയുള്ള രാജ്യത്ത് ഇതുവരെ 2.65 ലക്ഷം പേര്‍ക്ക് കുത്തിവയ്പു നടത്തി. അയര്‍ലന്‍ഡില്‍ സ്‌കൂളുകള്‍ മാസാവസാനം വരെ തുറക്കേണ്ടെന്നു തീരുമാനമായി. കെട്ടിട നിര്‍മാണമേഖലയിലും ഉല്‍പന്ന നിര്‍മാണ മേഖലയിലും കൂടി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് ആലോചന. ജപ്പാന്‍ ടോക്കിയോയില്‍ അടിയന്തരമായി ലോക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഫ്രാന്‍സില്‍ വാക്‌സിന്‍ കുത്തിവയ്പിന് 300 പുതിയ കേന്ദ്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇസ്രയേലും യുഎസില്‍ നിന്നുള്ള മൊഡേണ വാക്‌സീന്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇറ്റലിയിലും കോവിഡ് പ്രതിരോധ പരിപാടികള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. വത്തിക്കാനിലെ സിസ്റ്റീന്‍ ചാപ്പലില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നേതൃത്വത്തില്‍ നടത്താറുള്ള മാമോദീസച്ചടങ്ങുകള്‍ റദ്ദാക്കി. ഇറ്റലിയില്‍ ഇതുവരെ 75,600 പേരാണ് കോവിഡ് മൂലം മരിച്ചത്. അതേസമയം, ഗ്രീസില്‍ ദേശീയ ലോക്ഡൗണിനിടയിലും മന്ത്രിസഭാ വികസിപ്പിച്ചു. പുതിയ മന്ത്രിമാര്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് 3 വ്യത്യസ്ത ചടങ്ങുകളിലായാണ് സത്യപ്രതിജ്ഞ ചെയ്തത്.

Top