കര്‍ണാടകത്തില്‍ കുടുങ്ങിയ ആദിവാസി തൊഴിലാളികളെ നാട്ടിലെത്തിക്കണം

മാനന്തവാടി: കോവിഡ് വ്യാപനം മൂലം ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിനെ തുടര്‍ന്ന് കര്‍ണാടകത്തിലെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ആദിവാസി തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് മുന്‍മന്ത്രിയും എ.ഐ.സി.സി അംഗവുമായ പി.കെ. ജയലക്ഷ്മി.

വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറുകണക്കിന് ആദിവാസി തൊഴിലാളികളാണ് ഒരുമാസമായി കര്‍ണാടകത്തില്‍ കുടുങ്ങിക്കിടക്കുന്നത്. മൈസൂരിന് അടുത്ത് മാണ്ഡ്യയില്‍ ഇഞ്ചിപ്പാടത്ത് കഴിഞ്ഞ മാര്‍ച്ചില്‍ ജോലിക്കുപോയ തൊഴിലാളികള്‍ നാട്ടിലെത്തുന്നതിന് പല ശ്രമങ്ങളും നടത്തിയെങ്കിലും ഫലമുണ്ടായില്ല. പാസ് ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നടപടിക്രമങ്ങള്‍ സങ്കീര്‍ണമായതിനാല്‍ പലര്‍ക്കും അപേക്ഷ നിരസിക്കപ്പെടുകയാണ് ചെയ്തത്.

മാനന്തവാടി, തിരുനെല്ലി സ്വദേശികളായ പണിയ വിഭാഗത്തിലെ 23 തൊഴിലാളികള്‍ കര്‍ണാടകത്തിലെ പാസ് ഉപയോഗിച്ച് എത്തിയെങ്കിലും അധികൃതര്‍ ഇവരെ അവിടെനിന്ന് മടക്കിയയച്ചു. മതിയായ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെ കര്‍ണാടകത്തില്‍ ഇവര്‍ ദുരിതമനുഭവിക്കുകയാണ്.

സര്‍ക്കാര്‍ ചിലവില്‍ ഇവരെ കര്‍ണാടകത്തില്‍ നിന്നും കൊണ്ടുവരുന്നതിന് ജില്ല ഭരണകൂടവും പട്ടികവര്‍ഗ വികസനവകുപ്പും നടപടി സ്വീകരിക്കണമെന്ന് ജയലക്ഷ്മി ആവശ്യപ്പെട്ടു.

Top