ഡല്‍ഹി പൊലീസിനെയും വിറപ്പിച്ചു; വൃന്ദാ കാരാട്ടിന്റെ ഇടപെടല്‍ വൈറല്‍ !

കനൽ ഒരു തരിയുണ്ടെങ്കിൽ… അതു മതിയാകും, എന്നു പറയുന്നതു പോലെയാണ് കമ്യൂണിസ്റ്റുകളുടെയും അവസ്ഥ. ഒരാൾ മാത്രം അവശേഷിച്ചാലും അവസാന നിമിഷം വരെ ചെറുത്തു നിൽക്കാൻ കമ്യൂണിസ്റ്റുകൾ എന്നും മുന്നിൽ തന്നെ ഉണ്ടാകും. ചുവപ്പ് പ്രത്യായ ശാസ്ത്രം പകർന്നു നൽകിയ കരുത്താണത്. ആ കരുത്ത് തന്നെയാണ് ഇപ്പോൾ, ഡൽഹി പൊലീസും “അനുഭവിച്ച്” അറിഞ്ഞിരിക്കുന്നത്.

കുടിയൊഴിപ്പിക്കൽ നിർത്തിവെയ്ക്കാൻ, സുപ്രീം കോടതി ഉത്തരവിട്ടിട്ടും ജഹാംഗീർപുരിയിലെ കടകളും വീടുകളും പൊളിക്കുന്നത് തുടർന്ന ഭരണകൂടത്തെയാണ് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദാ കാരാട്ട് നേരിട്ടെത്തി വിറപ്പിച്ചിരിക്കുന്നത്. സുപ്രീം കോടതിയുടെ ഉത്തരവും ഉയർത്തിപ്പിടിച്ചു വന്ന വൃന്ദയുടെ നീക്കത്തിനു മുന്നിൽ സാക്ഷാൽ പൊലീസ് കമ്മീഷണർ ഉൾപ്പെടെ പതറിപ്പോയ കാഴ്ചയാണ് ഏപ്രിൽ 20ന് രാജ്യം കണ്ടിരിക്കുന്നത്. കോടതി ഉത്തരവ് നടപ്പിലാക്കേണ്ട ഭരണകൂടം മുഖം തിരിച്ചപ്പോയാണ് ആ ദൗത്യം കമ്യൂണിസ്റ്റുകാരിയായ വൃന്ദാ കാരാട്ട് ഏറ്റെടുത്തിരുന്നത്.

ജഹാംഗീർപുരിയിൽ തൽസ്ഥിതി തുടരുകയെന്ന ഉത്തരവ്, സുപ്രീം കോടതി രാവിലെ 10.45ന് പുറപ്പെടുവിച്ചതാണെന്ന് ബൃന്ദാ കാരാട്ട് ചൂണ്ടിക്കാട്ടിയപ്പോൾ ഉത്തരം മുട്ടിപ്പോയത് കോർപ്പറേഷൻ അധികൃതർക്കുമാത്രമല്ല പൊലീസിനും കൂടിയാണ്.

കോടതി ഉത്തരവിന് ശേഷവും വീടുകളും കടകളും പൊളിക്കൽ തുടർന്നപ്പോൾ ജെസിബിയുടെ മുന്നിൽ കയറി നിന്നാണ് ബൃന്ദാ കാരാട്ട് പ്രതിരോധം തീർത്തിരുന്നത്. ഈ ദൃശ്യങ്ങളാകട്ട ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലുമാണ്.

“എന്റെ കൈയ്യിൽ സുപ്രീം കോടതി ഉത്തരവുണ്ട്. ഈ ഉത്തരവ് നടപ്പാക്കാനാണ് ഞാനിവിടെ വന്നത്. അതല്ലാതെ പിൻമാറില്ലന്ന് ” വൃന്ദ കാരാട്ട് പ്രഖ്യാപിച്ചപ്പോൾ ആദ്യം അമ്പരന്നത് നോർത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ അധികൃതരാണ്. “നിയമവിരുദ്ധമായ പൊളിച്ചുമാറ്റലുകളിലൂടെ നിയമത്തേയും ഭരണഘടനയേയുമാണ് ബുൾഡോസ് ചെയ്യുന്നതെന്നും വൃന്ദാ കാരാട്ട് തുറന്നടിക്കുകയുണ്ടായി.

തുടർന്ന്…. സമാധാനവും സഹവർത്തിത്വവും നിലനിർത്തണമെന്നും, അടുത്ത സുപ്രീം കോടതി വിധി വരെ കാത്തിരിക്കണമെന്നും തന്നെ കേൾക്കാൻ എത്തിയ ജഹാംഗീർപുരിയിലെ ജനങ്ങളോടും വൃന്ദ്ര അഭ്യർത്ഥിച്ചു. ഇത് അവിടെ തടിച്ചു കൂടിയവരും അംഗീകരിക്കുകയുണ്ടായി.”തകർക്കൽ പ്രക്രിയ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ വൃന്ദ കാരാട്ട് രൂക്ഷമായാണ് ഉദ്യോഗസ്ഥർക്കെതിരെ ആഞ്ഞടിച്ചിരുന്നത്. ഇതോടെയാണ് അധികൃതർ വിട്ടുവീഴ്ചയ്ക്ക് തയ്യാറായിരുന്നത്.

‘സുപ്രീം കോടതിവിധി അനുസരിക്കുമെന്നും, ഇനി ‘പൊളിച്ചുനീക്കല്‍ ഉണ്ടാകില്ലെന്നും, കമ്മീഷണര്‍ തനിക്ക് ഉറപ്പു നല്‍കിയ കാര്യം വൃന്ദ തന്നെയാണ് ജനങ്ങളെയും മാധ്യമങ്ങളെ അറിയിച്ചിരുന്നത്.ഈ പ്രഖ്യാപനം വന്നതോടെയാണ് സംഘര്‍ഷത്തിനും അയവു വന്നിരുന്നത്. പരിവാറിന്റെ ‘രാഷ്ട്രീയ അജണ്ട കൂടിയാണ് ‘ ഇതോടെ പൊളിച്ചടുക്കപ്പെട്ടിരിക്കുന്നത്.

ബിജെപി ഭരിക്കുന്ന കോര്‍പ്പറേഷനാണ് വടക്കന്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍. ജഹാംഗീര്‍പുരിയില്‍ ഉള്‍പ്പെടെ, നിരവധി സ്ഥലങ്ങളില്‍ കയ്യേറ്റങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും സംഘര്‍ഷ പശ്ചാത്തലത്തില്‍ പ്രതികാര നടപടിയായി പൊളിക്കല്‍ പ്രക്രിയ മാറിയതാണ് വീണ്ടും പ്രകോപനത്തിന് വഴിമരുന്നിട്ടിരിക്കുന്നത്. ഡല്‍ഹിയിലെ ചേരികളില്‍ ഉള്‍പ്പെടെ അനവധി അനധികൃത കെട്ടിടങ്ങളും കടകളും ഇപ്പോഴുമുണ്ട്.ഇതില്‍ എല്ലാ മതവിശ്വാസികളും വിശ്വാസികള്‍ അല്ലാത്തവരും എല്ലാം ഉള്‍പ്പെടുന്നുണ്ട്. ഇവരെയെല്ലാം ഒഴിപ്പിച്ച് എങ്ങോട്ട് പറഞ്ഞു വിടും എന്നത്, വലിയ ഒരു ചോദ്യം തന്നെയാണ്. ഈ സാഹചര്യം കൂടി മനസ്സിലാക്കിയാണ് ഒഴിപ്പിക്കുന്നത് നിര്‍ത്തിവെയ്ക്കാന്‍ സുപ്രീംകോടതി തന്നെ ഉത്തരവിട്ടിരിക്കുന്നത്. എന്നാല്‍, പരമോന്നത നീതി പീഠത്തിന്റെ ഈ ഉത്തരവ് പോലും ലംഘിച്ച് പൊളിക്കല്‍ നടപടിയുമായി മുന്നോട്ട് പോകുകയാണ് അധികൃതര്‍ ചെയ്തിരുന്നത്. കോടതി ഉത്തരവ് കിട്ടിയില്ലെന്ന ന്യായമാണ് അവര്‍ ഇതിനായി നിരത്തിയിരുന്നത്. ഈ ‘തരികിട ന്യായത്തിന്’ മറുപടിയായാണ്, ഉത്തരവിന്റെ കോപ്പി വ്യന്ദകാരാട്ട് തന്നെ നേരിട്ട് എത്തിച്ചു നല്‍കിയിരുന്നത്.ഇതോടെയാണ് ഗത്യന്തരമില്ലാതെ ”പൊളിക്കല്‍ പ്രക്രിയ’ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ക്ക് നിര്‍ത്തിവയ്‌ക്കേണ്ടി വന്നിരിക്കുന്നത്. ഉത്തരവ് ലഭിക്കുന്നതിനു മുന്‍പ്, പരമാവധി കെട്ടിടങ്ങള്‍ പൊളിക്കാനാണയിരുന്നു, അധികൃതര്‍ തിരക്കിട്ട നീക്കം നടത്തിയിരുന്നത്. ഇതാണ് വൃന്ദാ കാരാട്ട് ഉള്‍പ്പെടെയുള്ളവരുടെ സന്ദര്‍ഭോചിതമായ ഇടപെടലിലൂടെ, തടഞ്ഞിരിക്കുന്നത്. സി.പി.എമ്മിനെ സംബന്ധിച്ച്, ഇത് രാഷ്ട്രീയപരമായി വന്‍ നേട്ടമാകുന്ന ഇടപെടലാണ്. അക്കാര്യത്തില്‍ ഒരു സംശയവുമില്ല. ന്യൂനപക്ഷ സമുദായത്തിന്റെ അട്ടിപ്പേറവകാശം അവകാശപ്പെടുന്ന ഒരു സംഘടനക്കും അവിടെ കാര്യമായ ഇടപെടലുകള്‍ നടത്താന്‍ കഴിഞ്ഞിട്ടില്ലന്നതും ഒരു യാഥാര്‍ത്ഥ്യമാണ്.

 

 

EXPRESS VIEW

Top