മുസ്ലീംലീഗ് വൈറസാണെന്ന നിലപാട് സി.പി.എമ്മിനും ഉണ്ട്, ശക്തമായി തന്നെ

മുസ്‌ലിം ലീഗ് വൈറസാണെന്ന യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിലപാടിനെ പിന്തുണച്ച് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദകാരാട്ടും രംഗത്ത്. മതമൗലികവാദികളുമായി കൂട്ടുകൂടുന്ന വര്‍ഗീയ പാര്‍ട്ടിയാണ് മുസ്‌ലിം ലീഗെന്നാണ് ബൃന്ദകാരാട്ട് തുറന്നടിച്ചിരിക്കുന്നത്. ആര്‍.എസ്.എസിന്റെയും സി.പി.എമ്മിന്റെയും നിലപാടിലെ സാമ്യത ആയുധമാക്കി ഇടതുപക്ഷത്തിനെതിരെ യു.ഡി.എഫ് പ്രചരണം കൊഴുപ്പിച്ചു കഴിഞ്ഞു.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്‌സഭാ തെരഞ്ഞെടുപ്പിലും മുസ്‌ലീം ന്യൂനപക്ഷ വോട്ടുകള്‍ കേരളത്തില്‍ ഇടതുപക്ഷത്തിനായിരുന്നു.

മോദിയെ ചെറുക്കാന്‍ ഇടതുപക്ഷമാണ് നല്ലതെന്ന നിലപാടായിരുന്നു ന്യൂനപക്ഷ സംഘടനകള്‍ക്ക്. എന്നാല്‍ ഇത്തവണ മോദിയുടെ പ്രതിയോഗിയായി രാഹുല്‍ ഗാന്ധി എത്തിയതോടെ ന്യൂനപക്ഷങ്ങള്‍ രാഹുലിനും കോണ്‍ഗ്രസിനുമൊപ്പമാണെന്നാണ് യുഡിഎഫ് നേതാക്കുടെ അവകാശവാദം.

രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനിടെയാണ് സഖ്യകക്ഷിയായ മുസ്‌ലിം ലീഗിനെ വൈറസെന്ന് വിളിച്ച് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തിയത്. മുസ്‌ലിം ലീഗ് കോണ്‍ഗ്രസിനെ ബാധിച്ച വൈറസാണെന്നാണ് യോഗി ട്വിറ്ററില്‍ കുറിച്ചത്. കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ ഈ വൈറസ് രാജ്യത്തെയാകെ ബാധിക്കുമെന്നും യോഗി ചൂണ്ടികാണിച്ചു. മംഗല്‍ പാണ്ഡെയുമായി ചേര്‍ന്ന് 1987ല്‍ രാജ്യം ബ്രിട്ടീഷുകാര്‍ക്കെതിരെ യുദ്ധം ചെയ്തു. പിന്നീട് ഈ മുസ്‌ലിം ലീഗ് വൈറസ് വരികയും അത് വളര്‍ന്ന് രാജ്യത്തെ വിഭജിക്കുകയും ചെയ്തതായുമാണ് യോഗിയുടെ ആരോപണം.

‘ഇപ്പോള്‍ പഴയ ഭീഷണി രാജ്യം മുഴുവന്‍ വളരുകയാണ്. പച്ചക്കൊടികള്‍ വീണ്ടും വീശുകയാണ്. മുസ്‌ലിം ലീഗ് എന്ന വൈറസ് കോണ്‍ഗ്രസിനെ ബാധിച്ചിരിക്കുന്നു ജാഗ്രത’ ,എന്നാണ് വീണ്ടും യോഗി ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഇതിന് മറുപടിയായി യോഗി ആദിത്യനാഥ് യു.പിയെ ബാധിച്ച വൈറസാണെന്ന് കോണ്‍ഗ്രസ് തിരിച്ചടിക്കുകയും ചെയ്തിട്ടുണ്ട്. ആദിത്യനാഥ് യോഗിയല്ല ഭോഗിയാണെന്നും യു.പിയെ ബാധിച്ച ഈ വൈറസിനെ ലോക്‌സഭാ തെരഞ്ഞെടുപ്പിലൂടെ ജനങ്ങള്‍ തുടച്ചുനീക്കുമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ്‌സിങ് സുര്‍ജേവാലയാണ് തുറന്നടിച്ചത്.

മുസ്‌ലിം ലീഗ് വര്‍ഗീയതക്കെതിരായ ആന്റി വൈറസാണെന്ന് ലീഗ് നേതൃത്വവും വ്യക്തമാക്കി. എന്നാല്‍ സി.പി.എം നേതൃത്വം വിവാദത്തില്‍ യോഗി ആദിത്യനാഥിന്റെയും ആര്‍.എസ്.എസിന്റെയും നിലപാടിന് സമാനമായ സമീപനമാണ് സ്വീകരിച്ചതെന്നതാണ് വിചിത്രം. മതമൗലികശക്തികളുമായി ചര്‍ച്ചനടത്തുകയും അവരുമായി കൂട്ടുകൂടുകയും ചെയ്യുന്ന മുസ്‌ലിം ലീഗിനെ വര്‍ഗീയ പാര്‍ട്ടിയെന്നാണ് സി.പി.എം പി.ബി അംഗം ബൃന്ദകാരാട്ട് വിശേഷിപ്പിച്ചത്.

ബി.ജെ.പിയുടെ നിലപാടുതന്നെയാണോ സി.പി.എമ്മിനുമെന്ന ചോദ്യത്തിന് സി.പി.എമ്മിന്റെയും ഇടതുമുന്നണിയുടെയും നിലപാടാണിതെന്ന് ബൃന്ദ കാരാട്ട് വ്യക്തമാക്കുകയും ചെയ്തു. മുസ്‌ലിം ലീഗിനെ വര്‍ഗീയ പാര്‍ട്ടിയെന്നു വിളിക്കുമ്പോഴും ലീഗുമായി അധികാരം പങ്കിട്ട ചരിത്രമാണ് കേരളത്തില്‍ സി.പി.എമ്മിനും സി.പി.ഐക്കുമുള്ളത്. മന്‍പ് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ അടവ് നയം ഈ സഖ്യം ഓര്‍മപ്പെടുത്തുന്നതാണ്.

തീവ്രതപോരെന്നു പറഞ്ഞ് ലീഗ് വിട്ട ഐ.എന്‍.എല്‍ ഇപ്പോള്‍ ഇടതുമുന്നണിയിലെ ഘടകകക്ഷിയാണ്. ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ ജയിലില്‍ക്കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍നാസര്‍ മഅ്ദനിയുമായും ഇടതുമുന്നണി മുന്‍പ് തെരഞ്ഞെടുപ്പ് സഖ്യവുമുണ്ടാക്കിയിരുന്നു. ഇടതുമുന്നണിക്കു വേണ്ടി മഅ്ദനി കേരളയാത്രയും നടത്തിയിരുന്നു.ഇന്ത്യാ വിഭജനത്തിനിടയാക്കിയ മുഹമ്മദാലി ജിന്നയുടെ മുസ്‌ലിം ലീഗല്ല സ്വാതന്ത്ര്യത്തിനു ശേഷം 1948 മാര്‍ച്ച് 10ന് ഖായിദ് മില്ലത്ത് മുഹമ്മദ് ഇസ്മയില്‍ സാഹിബിന്റെ നേതൃത്വത്തില്‍ മദ്രാസില്‍ രൂപംകൊണ്ട ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് എന്നാണ് ലീഗ് നേതൃത്വം അവകാശപ്പെടുന്നത്.

കേരളരാഷ്ടീയത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കൊപ്പവും കോണ്‍ഗ്രസിനൊപ്പവും പ്രവര്‍ത്തിച്ചു വളര്‍ന്നതാണ് ലീഗിന്റെ ചരിത്രം.1967ല്‍ ഇ.എം.എസ് നമ്പൂതിരിപ്പാടിനൊപ്പം സപ്തകക്ഷി മന്ത്രിസഭയില്‍ സി.എച്ച് മുഹമ്മദ്കോയ വിദ്യാഭ്യാസ മന്ത്രിയും എ.പി.എം അഹമ്മദ്കുരിക്കള്‍ പഞ്ചായത്ത് ഫിഷറീസ് മന്ത്രിയുമായപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ലീഗ് വര്‍ഗീയ കക്ഷിയായിരുന്നില്ല.

അടിയന്തിരാവസ്ഥക്കാലക്ക് കോണ്‍ഗ്രസും സി.പി.ഐയും ഉള്‍പ്പെട്ട മുന്നണിയിലായിരുന്നു ലീഗ്. അന്ന് സി.പി.ഐയും ലീഗില്‍ വര്‍ഗീയത കണ്ടില്ല. 1977 മുതല്‍85വരെ ലീഗ് വിട്ടുവന്ന അഖിലേന്ത്യാ മുസ്‌ലിം ലീഗിനെ നീണ്ട ഏഴു വര്‍ഷമാണ് സി.പി.എം ഒപ്പം കൂട്ടിയത്.

സി.പി.എമ്മിന്റെ ഭരണതുടര്‍ച്ചക്ക് ലീഗുമായി ബന്ധമുണ്ടാക്കണമെന്ന് എം.വി രാഘവന്‍ പാര്‍ട്ടിയില്‍ ബദല്‍ രേഖയും അവതരിപ്പിച്ചു. ബദല്‍ രേഖയില്‍ രാഘവനൊപ്പം നിന്ന ഇ.കെ നായനാര്‍ രാഘവനെ കൈവിട്ട് ഔദ്യോഗിക പക്ഷത്തേക്ക് ചേക്കേറി. രാഘവനെയും കൂട്ടരെയും സി.പി.എം പുറത്താക്കുകയും പിന്നീട് രാഘവന്‍ ലീഗ് പങ്കാളിയായ യു.ഡി.എഫിലെത്തി മന്ത്രിയാവുകയും ചെയ്തു.

ബദല്‍രേഖ തള്ളിയ സി.പി.എം പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മലപ്പുറത്തടക്കം അടവുനയമുണ്ടാക്കി ലീഗുമായി അധികാരം പങ്കിട്ടു. സി.പി.എമ്മില്‍ പിണറായി സംസ്ഥാന സെക്രട്ടറിയായിരിക്കുമ്പോഴാണ് ലീഗുമായി അടവുനയമുണ്ടാക്കിയത്.

ലീഗ് വര്‍ഗീയ കക്ഷിയെന്ന നിലപാടാണ് വി.എസ് അച്യുതാനന്ദനും എം.എ ബേബിക്കുമുള്ളത്. വര്‍ഗീയതയുടെ പേരില്‍ 25 വര്‍ഷം അകറ്റിനിര്‍ത്തിയ ഐ.എന്‍.എല്ലിനെ ഇടതുമുന്നണിയിലെടുത്ത ശേഷമാണ് ആര്‍.എസ്.എസിനൊപ്പം സി.പി.എമ്മും ലീഗില്‍ വര്‍ഗീയത കാണുന്നതെന്ന ആക്ഷേപമാണ് ലീഗ് നേതൃത്വത്തിനുള്ളത്. മുസ്‌ലിം സമുദായ സംഘടനകളും ഇക്കാര്യത്തില്‍ സി.പി.എമ്മിനെതിരായ നിലപാടിലാണ്. ഇത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമോ എന്ന ആശങ്കയും ഇടതുപക്ഷത്തിനുണ്ട്. പൊന്നാനിയില്‍ മഅ്ദനിയുമായി വേദി പങ്കിട്ടതിന് പിണറായിയെ തിരുത്തിയ പാര്‍ട്ടിക്ക് ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന ഉറച്ച നിലപാടാണ് ഉള്ളത്.

Top