കൈസർഗഞ്ചിൽ നിന്നും ലോക്‌സഭയിലേക്ക് വീണ്ടും മത്സരിക്കുമെന്ന്‌ ബ്രിജ്‌ഭൂഷൺ

ന്യൂഡൽഹി : യുപിയിലെ കൈസർഗഞ്ച്‌ മണ്ഡലത്തിൽ നിന്ന്‌ വീണ്ടും ലോക്‌സഭയിലേയ്‌ക്ക്‌ മത്സരിക്കുമെന്ന്‌ ഗുസ്‌തി താരങ്ങളെ ലൈംഗികാതിക്രമത്തിന്‌ വിധേയനാക്കിയ ബിജെപി എംപി ബ്രിജ്‌ഭൂഷൺ. നരേന്ദ്രമോദി സർക്കാരിന്റെ നേട്ടങ്ങൾ’വിശദീകരിക്കാൻ ബിജെപി നടത്തിയ ബഹുജന സമ്പർക്ക ക്യാമ്പയിന്റെ ഭാഗമായി കൈസർഗഞ്ചിലെ ബൽപൂരിൽ നടത്തിയ റാലിക്ക്‌ ശേഷമാണ്‌ ആറുതവണ എംപിയായ ബ്രിജ്‌ഭൂഷണിന്റെ പ്രഖ്യാപനം.

ഗോണ്ടയിലെ വസതിയിൽ നിന്ന്‌ ആഢംബര വാഹനങ്ങളുടെ അകമ്പടിയോടെ ബ്രിജ്‌ഭൂഷണെ ആനയിച്ച ബിജെപിക്കാർ പുഷ്‌പവൃഷ്‌ടിയോടെയാണ്‌ വേദിയിലേയ്‌ക്ക്‌ സ്വീകരിച്ചത്‌. ഹിന്ദു സന്യാസിമാർ ധരിക്കുന്ന തലപ്പാവും മോദിയുടെ ചിത്രവുമുള്ള ഷാളുമണിഞ്ഞാണ്‌ ബ്രിജ്‌ഭൂഷൺ എത്തിയത്‌.

അതേസമയം 23 മിനിറ്റ്‌ നീണ്ട പ്രസംഗത്തിനിടയിൽ ഒരിക്കൽ പോലും ഗുസ്‌തി താരങ്ങളുടെ സമരത്തെ പരമാർശിക്കാൻ തയ്യാറാകാതിരുന്ന ബ്രിജ്‌ഭൂഷൺ പകരം ഉറുദു ഈരടി ഉദ്ധരിച്ചായിരുന്ന പ്രസംഗം തുടങ്ങിയത്‌. പ്രസംഗത്തിലുടനീളം കോൺഗ്രസിനെയും മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെയും ആക്രമിച്ചു.

നെഹ്‌റുവിന്‌ കീഴിൽ ആയിരക്കണക്കിന്‌ സ്‌ക്വയർ കിലോമീറ്റർ രാജ്യത്തിന്‌ നഷ്‌ടപ്പെട്ടുവെന്ന്‌ കുറ്റപ്പെടുത്തിയ ബ്രിജ്‌ഭൂഷൺ, അടിയന്തരാവസ്ഥ പ്രഖ്യപനവും സിഖ്‌ കൂട്ടക്കൊലയും പരാമർശിച്ചു. 2024ൽ വൻ ഭൂരിപക്ഷത്തോടെ മോദി സർക്കാർ വീണ്ടും അധികാരത്തിൽ എത്തുമെന്നും യുപി തൂത്തുവാരുമെന്നുമായിരുന്നു മറ്റൊരു അവകാശവാദം. ഭക്തകവി തുളസീദാസ് രചിച്ച അവധ്‌ ഭാഷയിലെ ഇതിഹാസ കാവ്യമായ രാംചരിതമനസിലെ വരികൾ ഉദ്ധരിച്ചാണ്‌ പ്രസംഗം അവസാനിപ്പിച്ചത്‌.

അതിനിടെ ബ്രിജ്‌ഭൂഷൺ നീണാൾ വാഴട്ടെയെന്ന മുദ്രാവാക്യവും ബിജെപിക്കാർ ഉയർത്തുന്നുണ്ടായിരുന്നു. നേതാക്കൾക്ക്‌ പുറമേ ബിജെപി എംഎൽഎമാരും എംഎൽസിമാരും റാലിക്കെത്തി. ചടങ്ങിൽ മുഖ്യാതിഥിയായ മധ്യപ്രദേശ് മന്ത്രി മോഹൻ യാദവ് ബ്രിജ്‌ഭൂഷണിനായി കൈയടിക്കാൻ അനുയായികളോട്‌ ആവശ്യപ്പെട്ടപ്പോൾ എംഎൽസിയായ മഞ്ജു സിങ് പുർവാഞ്ചലിന്റെ അഭിമാനം എന്നാണ്‌ പീഡനക്കേസ്‌ പ്രതിയായ ബ്രിജ്‌ഭൂഷണെ വിശേഷിപ്പിച്ചത്‌.

Top