ലൈംഗികാതിക്രമ കേസിൽ ബ്രിജ് ഭൂഷൻ ശരൺ സിങ്ങിന് ജാമ്യം

ന്യൂഡൽഹി : ലൈംഗികാതിക്രമ കേസിൽ ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൻ ശരൺ സിങ്ങിന് ജാമ്യം അനുവദിച്ച് കോടതി. ഡൽഹി റോസ് അവന്യു കോടതിയാണ് ജാമ്യം അനുവദിച്ചത്. ബ്രിജ് ഭൂഷണിന് പുറമെ കേസിലെ മറ്റൊരു പ്രതിയും മുൻഗുസ്തി ഫെഡറേഷൻ അസിസ്റ്റന്റ് സെക്രട്ടറിയുമായ വിനോദ് തോമറിനും കോടതി ജാമ്യം നൽകി. ഇരുവർക്കും കഴിഞ്ഞ ദിവസം ഇടക്കാല ജാമ്യവും കോടതി നൽകിയിരുന്നു. നേരിട്ടോ അല്ലാതെയോ പരാതിക്കാരെയോ സാക്ഷികളെയോ സ്വാധീനിക്കാൻ ശ്രമിക്കരുത്, കോടതിയുടെ അനുവാദമില്ലാതെ വിദേശത്തേക്ക് പോകരുത് തുടങ്ങിയ നിബന്ധനകളോടെയാണ് ജാമ്യം.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഡൽഹി പൊലീസ് ബ്രിജ് ഭൂഷണിന്റെ ജാമ്യാപേക്ഷ എതിർത്തില്ല. വലിയ സ്വാധീനമുള്ള വ്യക്തിയായതിനാൽ ബ്രിജ് ഭൂഷണിന് ജാമ്യം നൽകുന്നത് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നതിന് ഇടയാക്കുമെന്ന് എതിർപക്ഷം വാദിച്ചു. പ്രതികൾ, പരാതിക്കാരെയോ സാക്ഷികളെയോ സമീപിക്കരുതെന്ന് നിർദേശിക്കണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു.

വനിതാ ഗുസ്തിതാരങ്ങളുടെ ശരീരത്തിൽ മോശമായ രീതിയിൽ സ്‌പർശിച്ചു, തികച്ചും സ്വകാര്യമായ ചോദ്യങ്ങൾ ചോദിച്ചു, ലൈംഗികാവശ്യങ്ങൾ ഉന്നയിച്ചു എന്നിവയാണ് ബ്രിജ് ഭൂഷനെതിരായ ആരോപണങ്ങൾ. ജൂൺ15നു ബ്രിജ് ഭൂഷണെതിരെ ഡൽഹി പട്യാല കോടതിയിൽ ഡൽഹി പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു.

Top