സുഹൃത്തുക്കൾക്കൊപ്പം രാത്രി ഒൻപത് വരെ ചെലവഴിക്കാം; മുദ്രപ്പത്രത്തിൽ ഒപ്പിട്ട് വധു

പാലക്കാട്: ഭർത്താവ് സുഹൃത്തുക്കൾക്കൊപ്പം ചെലവഴിക്കുന്ന സമയം ഫോൺ ചെയ്ത് ശല്യം ചെയ്യില്ലെന്ന് വധു മുദ്രപ്പത്രത്തിൽ ഒപ്പിട്ടുനൽകിയത് സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. ശനിയാഴ്ച വിവാഹിതയായ കാക്കയൂർ വടക്കേപ്പുര വീട്ടിൽ എസ് അർച്ചനയാണ് ഭർത്താവ് കൊടുവായൂർ മലയക്കോട് വി എസ് ഭവനിൽ എസ് രഘുവിന്റെ സുഹൃത്തുക്കൾക്ക് മുദ്രപ്പത്രത്തിലൂടെ ഉറപ്പുനൽകിയത്.

വിവാഹസമ്മാനമായി വരന്റെ സുഹൃത്തുക്കൾ 50 രൂപയുടെ മുദ്രപ്പത്രത്തിൽ വധുവിന്റെ അനുമതിപത്രം വാങ്ങിയശേഷം സമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു. രാത്രി ഒൻപതുവരെ കൂട്ടുകാർക്കൊപ്പമിരിക്കുമ്പോൾ ഫോൺചെയ്ത് ശല്യപ്പെടുത്തില്ലെന്നതിലെ കൗതുകം കണ്ട് നിരവധിപേർ പ്രചാരണമേറ്റെടുത്തു.

ഇതോടെ, വധുവിനും വരനും കൂട്ടുകാർക്കുമെല്ലാം സാമൂഹികമാധ്യമങ്ങളിൽ ആശംസ പ്രവാഹമായി. രഘു കഞ്ചിക്കോട്ടെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. വധു ബാങ്ക് ജോലി ലഭിക്കുന്നതിന് വേണ്ടിയുള്ള പഠനത്തിലാണ്.

Top