നവവധു ശുചിമുറിയില്‍ മരിച്ചു; അന്വേഷണം ഇഴയുന്നതായി പരാതി

തൃശ്ശൂര്‍: വിവാഹം കഴിഞ്ഞ് 14-ാം ദിവസം യുവതി മരിച്ച കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഇഴയുന്നതായി പരാതി. ജനുവരി മാസം പെരിങ്ങോട്ടുകരയിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. അന്വേഷണം ഏറ്റെടുത്ത് നാലര മാസമായിട്ടും ഒരാളുടെ പോലും മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലെന്ന് ജനകീയസമിതി ആരോപിച്ചു. ഇതിനെതിരെ ബുധനാഴ്ച സമരത്തിന് ഒരുങ്ങുകയാണ് വീട്ടുകാരും ബന്ധുക്കളും.

2019 ഡിസംബര്‍ 22 നാണ് മരിച്ച ശ്രുതിയുടെയും അരുണിന്റെയും വിവാഹം നടന്നത്. ഇരുവരും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. ജനുവരി ആറിനാണ് പെരിങ്ങോട്ടുകരയിലെ ഭര്‍ത്താവിന്റെ വീട്ടില്‍ ശ്രുതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശുചിമുറിയില്‍ കുഴഞ്ഞു വീഴുകയായിരുന്നുവെന്നാണ് ഭര്‍ത്താവിന്റെ വീട്ടുകാര്‍ പോലീസില്‍ അറിയിച്ചത്. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം ശ്രുതിയുടെ കഴുത്തില്‍ ശക്തിയായി ഞെരിച്ചതിന്റെ പാടുകളും നെറ്റിയിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മുറിവുകളും കണ്ടെത്തി.

ഇതോടെയാണ് കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തിയത്. കേസന്വേഷണത്തില്‍ അലംഭാവം കാണിച്ചതിനെ തുടര്‍ന്ന് അന്തിക്കാട് സിഐ, എസ്‌ഐ എന്നിവര്‍ക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചിരുന്നു. പിന്നീട് ജനകീയസമിതിയുടെ ശക്തമായ പ്രക്ഷോഭത്തെ തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. കുറ്റാരോപിതര്‍ നുണപരിശോധനയ്ക്ക് തയ്യാറായിട്ടും ഇതുവരെ തുടര്‍ നടപടിസ്വീകരിക്കാന്‍ അന്വേഷണ സംഘം തയ്യാറായിട്ടില്ലെന്നാണ് ജനകീയ സമിതിയുടെ ആരോപണം. ബുധനാഴ്ച മുല്ലശ്ശേരിയില്‍ വീണ്ടും സമരത്തിന് തയ്യാറെടുക്കുകയാണ് ജനകീയ സമിതി.

Top