വരനെത്തിയത് ചൈനയില്‍ നിന്ന്; വരനില്ലാതെ സത്കാരം നടത്തി ബന്ധുക്കള്‍

എരുമപ്പെട്ടി: ചൈനയില്‍ നിന്നെത്തിയ വരന്‍ കൊറോണ നിരീക്ഷണത്തില്‍. വരനില്ലാതെ വിവാഹ സത്കാരം നടത്തി വധുവിന്റെ വീട്ടുകാര്‍. വരന്‍ വിവാഹച്ചടങ്ങില്‍നിന്ന് ഒഴിഞ്ഞുനിന്നെങ്കിലും ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും വധുവിന്റെ വീട്ടുകാര്‍ വിവാഹസത്കാരം ഗംഭീരമായി തന്നെ നടത്തി. ആഭരണങ്ങളും അലങ്കാരങ്ങളുമായി വധു ഓഡിറ്റോറിയത്തില്‍ വന്നിരുന്നു.

ഒരാഴ്ചമുന്‍പ് വിവാഹത്തിനായാണ് വരന്‍ എത്തിയത്. പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പ് അധികൃതരുടെയും നിരീക്ഷണത്തിലായിരുന്നു യുവാവ്. മുന്‍നിശ്ചയപ്രകാരം ചൊവ്വാഴ്ചയാണ് വിവാഹം നടക്കേണ്ടിയിരുന്നത്. എന്നാല്‍, ചൈനയില്‍നിന്നെത്തിയവര്‍ മുപ്പതുദിവസത്തോളം പൊതുപരിപാടികളില്‍ പങ്കെടുക്കരുതെന്ന നിര്‍ദേശം വന്നതോടെയാണ് വരനില്ലാത്ത വിരുന്നിന് വീട്ടുകാര്‍ തയ്യാറായത്.

തിങ്കളാഴ്ച വരന്റെ വീട്ടിലെത്തി തഹസില്‍ദാറും വില്ലേജ് ഓഫീസറും വിവാഹത്തില്‍ പങ്കെടുക്കരുതെന്ന് നിര്‍ദേശിച്ചിരുന്നു. രോഗനിരീക്ഷണകാലത്തിനുശേഷം ചടങ്ങ് പൂര്‍ണമായി നടത്തും.

Top