ബ്രിക്‌സ് ഉച്ചക്കോടി: ഗ്രൂപ്പ് ഫോട്ടോയിലും ‘അതിര്‍ത്തി’ അകലം പാലിച്ച് മോദിയും ഷി ജിന്‍ പിങും

ജൊഹന്നാസ്‌ബെര്‍ഗ്: ഇന്ത്യ – ചൈന അതിര്‍ത്തി പ്രശ്‌നങ്ങള്‍ തുടരുന്നതിനിടെ ചേരുന്ന ബ്രിക്‌സ് രാജ്യങ്ങളുടെ ഉച്ചകോടയില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയിലെ മഞ്ഞുരുകുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ കാര്യങ്ങള്‍ സങ്കീര്‍ണമായി തുടരുമോയെന്ന ആശങ്കയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ബ്രിക്‌സ് ഉച്ചകോടിയുടെ ഗ്രൂപ്പ് ഫോട്ടോ സെഷനിനില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങും അകലം പാലിച്ചതോടെയാണ് ആശങ്ക സജീവമാകുന്നത്. ബ്രിക്‌സ് രാജ്യത്തലവന്‍മാരുടെ ഗ്രൂപ്പ് ഫോട്ടോ സെഷനിടെ ഇന്ത്യന്‍ പ്രധാനമന്ത്രിയും ചൈനീസ് പ്രസിഡന്റിനുമിടയില്‍ ‘അതിര്‍ത്തി’യായി ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമഫോസ നില്‍ക്കുന്ന ചിത്രമാണ് പുറത്തുവന്നത്. മോദിയും ഷി ജിന്‍ പിങും അകലം പാലിച്ചുള്ള ഫോട്ടോ പുറത്തുവന്നതോടെ അതിര്‍ത്തി പ്രശ്‌നങ്ങളില്‍ മഞ്ഞുരുകില്ലേ എന്ന ചോദ്യം കൂടിയാണ് ഉയരുന്നത്.

ബ്രിക്‌സ് ഉച്ചകോടിയുടെ പ്ലീനറി സെഷന് മുന്‍പാണ് ലോക നേതാക്കള്‍ ക്യാമറക്ക് മുന്നിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഷി ജിന്‍ പിങ്, റാമഫോസ, റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ്, ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വ എന്നിവരാണ് ബ്രിക്സ് ഗ്രൂപ്പ് ഫോട്ടോയ്ക്കായി അണിനിരന്നത്. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമഫോസയുടെ ഇരുവശങ്ങളിലുമായാണ് മോദിയും ഷി ജിന്‍ പിങും നിന്നത്. ഇരുവരുടെയും കൈകളില്‍ പിടിച്ചത് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റായിരുന്നു. മോദിയും ഷി ജിന്‍ പിങും മനഃപൂര്‍വ്വം അകലം പാലിച്ചതാണോയെന്ന ചോദ്യമാണ് ചിത്രം കാണുന്നവരുടെ ചോദ്യം.

അതേസമയം ബ്രിക്‌സ് ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യേക കൂടിക്കാഴ്ച നടത്തുമോയെന്ന കാര്യത്തില്‍ ഇനിയും സ്ഥിരീകരണവുമായിട്ടില്ല. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണത്തിന് ഇരു രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല. ജിന്‍ പിങുമായി നരേന്ദ്രമോദി പ്രത്യേക കൂടിക്കാഴ്ച നടത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ആദ്യം പുറത്തുവന്നിരുന്നു. ഇരു നേതാക്കളും ബ്രിക്‌സ് വിരുന്നിലടക്കം ഒന്നിച്ച് പങ്കെടുത്തിരുന്നു. ഇന്നും നാളെയും ചില നേതാക്കളെ മോദി പ്രത്യേകം കാണുമെന്ന് മാത്രമാണ് ഇന്ത്യന്‍ വിദേശകാര്യ വക്താവ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ മോദി – ഷി ജിന്‍പിങ് കൂടിക്കാഴ്ച ഉണ്ടാകുമോയെന്നത് വ്യക്തമാക്കിയിട്ടില്ല. അതിര്‍ത്തി തര്‍ക്കമടക്കമുള്ള വിഷയങ്ങള്‍ നിലനില്‍ക്കെ ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തുമോയെന്നത് അറിയാനായി ലോകം കാത്തുനില്‍ക്കുകയാണ്.

Top