ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ ഇടപാടിലും കൈകൂലി : ഇ ഡി

കൊച്ചി:ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളിലും കൈക്കൂലി നൽകിയിട്ടുണ്ടെന്ന്‌ സംശയിക്കണമെന്ന് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയിൽ വ്യക്തമാക്കി. ഇക്കാര്യത്തിൽ അന്വേഷണം നടക്കുകയാണ്. ലൈഫ് മിഷന്റെ ഭാഗമായി വടക്കാഞ്ചേരിയിൽ ഫ്ലാറ്റ് നിർമിക്കാൻ കരാർ ലഭിച്ച യൂണിടാക് കമ്പനിയിൽനിന്ന് എം.ശിവശങ്കർ കൈക്കൂലി വാങ്ങിയിട്ടുണ്ട്. ഇ.ഡി. കേസിൽ ജാമ്യംതേടി ശിവശങ്കർ നൽകിയ ഹർജിയെ എതിർത്ത് ഇ.ഡി. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ടി.എ. ഉണ്ണികൃഷ്ണൻ ഹൈക്കോടതിയിൽ നൽകിയ വിശദീകരണത്തിലാണ് ഈ വിവരങ്ങളുള്ളത്.

കെ-ഫോണും ലൈഫ് മിഷനുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ ശിവശങ്കർ, സ്വപ്നയുമായി പങ്കുവെച്ചിരുന്നു. ഇക്കാര്യം ഇരുവരും തമ്മിലുള്ള വാട്‌സാപ്പ് സന്ദേശങ്ങളിൽനിന്ന്‌ വ്യക്തമാണ്. ശിവശങ്കർ പതിവായി യൂണിടാക് ഉടമ സന്തോഷ് ഈപ്പനുമായി ബന്ധപ്പെട്ടിരുന്നു. കെ-ഫോണിന്റെയും ലൈഫ് മിഷന്റെയും മറ്റുപദ്ധതികളുടെയും ഭാഗമായി യൂണിടാക് ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടിരുന്നു. യൂണിടാക്കിൽനിന്നാണെങ്കിൽ കൈക്കൂലി കിട്ടുമെന്നതിനാലായിരുന്നു ഇതെന്നും ഇ.ഡി. വ്യക്തമാക്കി.

Top