ജോലിക്കു പകരം ഭൂമി കൈക്കൂലി; വിവിധ സംസ്ഥാനങ്ങളിൽ സിബിഐ റെയ്ഡ്

പട്ന: ജോലിക്കു പകരം ഭൂമി അഴിമതി കേസിൽ സിബിഐ വിവിധ സംസ്ഥാനങ്ങളിലായി ഒൻപതിടങ്ങളിൽ റെയ്ഡ് നടത്തി. ബിഹാറിൽ ആർജെഡി എംഎൽഎ കിരൺ ദേവിയുടെയും ഭർത്താവിന്റെയും പട്നയിലും ആറയിലുമുള്ള വസ്തുക്കളിലായിരുന്നു റെയ്ഡ്. ആർജെഡിയുടെ രാജ്യസഭാംഗം പ്രേംചന്ദ് ഗുപ്തയുടെ ഡൽഹി, നോയിഡ, ഗുഡ്ഗാവ്, റെവാരി എന്നിവിടങ്ങളിലെ വസ്തുക്കളിലും റെയ്ഡ് നടന്നു.

കേന്ദ്ര റെയിൽവേ മന്ത്രിയായിരുന്ന ലാലു യാദവിന്റെ ബിനാമികളായി ആർജെഡി നേതാക്കൾ സ്വത്തു സമ്പാദിച്ചുവെന്നാണ് ആരോപണം. റെയിൽവേയിൽ നിയമനങ്ങൾക്കു പകരമായി ഉദ്യോഗാർഥികളുടെ ഭൂമിയും സ്വത്തുകളും ലാലു കുടുംബാംഗങ്ങൾക്കും ആശ്രിതർക്കും തുച്ഛ വിലയ്ക്കു കൈമാറിയെന്നതാണു കേസ്. റെയിൽവേ ജോലി ഒഴിവുകൾ പരസ്യപ്പെടുത്താതെ രഹസ്യമായി നിയമനങ്ങൾ നടത്തിയെന്നും സിബിഐ കുറ്റപത്രത്തിൽ ആരോപിക്കുന്നു. ലാലു കുടുംബാംഗങ്ങളും കേസിൽ പ്രതികളാണ്.

Top