കോഴക്കേസ്; ഒരുലക്ഷം രൂപ കണ്ടെത്തി, ബാക്കി ചെലവായിപ്പോയെന്ന് സുന്ദര

കാസര്‍കോട്: മഞ്ചേശ്വരം കോഴക്കേസില്‍ നിര്‍ണായക വഴിത്തിരിവ്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ സുന്ദരയ്ക്ക് ലഭിച്ച പണത്തില്‍ ഒരുലക്ഷം രൂപ പോലീസ് കണ്ടെത്തി.

നിയമസഭാ തിരഞ്ഞെടുപ്പിലെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ തനിക്ക് ബി.ജെ.പി. രണ്ടരലക്ഷം രൂപയും ഫോണും നല്‍കിയെന്നായിരുന്നു സുന്ദര പൊലീസിന് മൊഴി നല്‍കിയിരുന്നത്. ഇതില്‍ ഒരുലക്ഷം രൂപയുടെ കാര്യത്തിലാണ് ഇപ്പോള്‍ വ്യക്തത വന്നിരിക്കുന്നത്.

ഒരുലക്ഷം രൂപ സൂക്ഷിക്കാന്‍ സുഹൃത്തിനെ ഏല്‍പിച്ചിരുന്നെന്നാണ് സുന്ദര മൊഴി നല്‍കിയിരുന്നത്. ഈ പണം സുന്ദരയുടെ സുഹൃത്ത് ബാങ്കില്‍ നിക്ഷേപിച്ചു. ഈ പണത്തെ കുറിച്ചുള്ള വിവരമാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്.

ബാങ്ക് വിവരങ്ങളും മറ്റ് വിശദാംശങ്ങളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ബാക്കിയുള്ള ഒന്നരലക്ഷം ചെലവായിപ്പോയെന്നാണ് സുന്ദര പറയുന്നത്. സുന്ദരയ്ക്ക് ഫോണ്‍ വാങ്ങി നല്‍കിയ കടയിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ഇന്നലെ പൊലീസ് പരിശോധിച്ചിരുന്നു.

ആരാണ് ഫോണ്‍ വാങ്ങിയത് തുടങ്ങിയ വിവരങ്ങള്‍ അറിയാന്‍ കടയിലെ ആളുകളുടെ മൊഴി ആവശ്യമുണ്ട്. ഇതിന്റെ ഭാഗമായാണ് അന്വേഷണസംഘം മൊബെല്‍ കടയിലെത്തിയത്.

ഇടപാടുമായി ബന്ധപ്പെട്ട് സുന്ദരയുടെ വീട്ടിലെത്തിയ മൂന്ന് ബി.ജെ.പി. പ്രവര്‍ത്തകരെയാണ് ഇനി ചോദ്യം ചെയ്യാനുള്ളത്.

Top