കൈകൂലി കേസ്; പ്രതി എല്‍സിയടക്കമുള്ളവര്‍ക്ക് സ്ഥാനകയറ്റം ലഭിച്ചത് ഇടത് സംഘടന ഇടപെടലില്‍

കോട്ടയം: എംജി സര്‍വകലാശാല കൈക്കൂലി കേസ് പ്രതി എല്‍സിയടക്കമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം ലഭിച്ചത് ഇടത് സംഘടനയുടെ ഇടപെടലിനെ തുടര്‍ന്ന്. നിയമന മാനദണ്ഡത്തില്‍ മാറ്റം വരുത്താന്‍ എംപ്ലോയീസ് അസോസിയേഷന്‍ ആണ് ഇടപെട്ടത്. സര്‍വകലാശാല വിസിക്ക് ഇടത് സംഘടന നല്‍കിയ കത്ത് പുറത്തായി. എല്‍സിയുടെ വിദ്യാഭ്യാസ യോഗ്യതകളെ കുറിച്ചും സര്‍വകലാശാല അന്വേഷിക്കും. ഇന്ന് ചേരുന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടാകും.

കേസില്‍ വിജിലന്‍സും വിശദമായ അന്വേഷണം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. പ്രതി എല്‍സിയെ 12 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. എം.ബി.എ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ഒന്നര ലക്ഷത്തോളം രൂപ പരീക്ഷാ ഭവനിലെ ജീവനക്കാരിയായ എല്‍സി ആവശ്യപ്പെട്ടെന്നായിരുന്നു പരാതി. അതുകൊണ്ട് തന്നെ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് സര്‍വകലാശാല ആലോചിക്കുന്നത്. കൂടുതല്‍ വിദ്യാര്‍ഥികളില്‍ നിന്ന് ഇത്തരത്തില്‍ കൈക്കൂലി വാങ്ങിയിട്ടുണ്ടോ എന്നതടക്കം അന്വേഷിക്കും.

പരീക്ഷയില്‍ തോറ്റുവെന്ന് തെറ്റിദ്ധരിപ്പിച്ചാണ് എല്‍സി വിദ്യാര്‍ഥിനിയില്‍ നിന്നും പണം ആവശ്യപ്പെട്ടതെന്നാണ് വിജിലന്‍സ് പറയുന്നത്. മുന്‍പും ഇത്തരത്തില്‍ ഇവര്‍ കൈക്കൂലി വാങ്ങിയിരുന്നതായും വിജിലന്‍സിന് സംശയമുണ്ട്. മറ്റ് ജീവനക്കാര്‍ ആരെങ്കിലും സമാനമായ രീതിയില്‍ കൈക്കൂലി വാങ്ങിയിട്ടുണ്ടോ എന്നതടക്കം അന്വേഷിക്കും. അതേസമയം കൈക്കൂലി വാങ്ങിയ ജീവനക്കാരി ജോലിയില്‍ കയറിയതിനെതിരെയും സ്ഥാനക്കയറ്റം ലഭിച്ചതിനെതിരെയും ആക്ഷേപങ്ങള്‍ ഉയരുന്നുണ്ട്. താത്കാലിക ജീവനക്കാരിയായി 2009-2010 കാലയളവിലാണ് ഇവര്‍ ജോലിയില്‍ കയറിയത്. പിന്നീട് 2012ല്‍ ജോലി സ്ഥിരപ്പെടുകയായിരുന്നു.

Top